ഉണ്യാൽ സ്റ്റേഡിയം പ്രവൃത്തി ആറു മാസത്തിനകം പൂർത്തിയാക്കും: മന്ത്രി വി.അബ്ദുറഹ്മാൻ
പദ്ധതി പ്രവൃത്തി മന്ത്രി വിലയിരുത്തി
താനൂർ ഉണ്യാൽ ഫിഷറീസ് സ്റ്റേഡിയത്തിന്റെ നിർമാണ പ്രവൃത്തികൾ ആറു മാസംകൊണ്ട് പൂർത്തിയാക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ. സ്റ്റേഡിയത്തിലെ ഗ്യാലറിയുടെ നിർമാണം അവസാന ഘട്ടത്തിലാണെന്നും നിർമാണ പുരോഗതി വിലയിരുത്തിയതായും മന്ത്രി പറഞ്ഞു.
സ്റ്റേഡിയത്തിൽ ഫുട്ബോൾ മൈതാനത്തിന് പുറമേ ഇൻഡോർ ബാഡ്മിന്റൺ കോർട്ട്, ഔട്ട്ഡോർ ജിംനേഷ്യം എന്നിവ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ കായിക വകുപ്പിന് കീഴിലുള്ള കളരി, ഗുസ്തി, ജൂഡോ എന്നിവ പെൺകുട്ടികളെ അഭ്യസിപ്പിക്കാനും പദ്ധതി തയ്യാറാക്കും. പ്രഭാത സവാരിക്കാർക്കായി ടൈൽ വിരിച്ച നടപ്പാത ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. ഗ്യാലറിയുടെ ഭാഗമായി 24 കടമുറികൾ തയ്യാറാകുന്നുണ്ട്. ഇത് മത്സ്യത്തൊഴിലാളി സ്ത്രീകൾക്ക് മാത്രമേ കടമുറികൾ അനുവദിക്കൂ. മത്സ്യത്തൊഴിലാളി സ്ത്രീകളുടെ ഉന്നമനം ലക്ഷ്യം വച്ചാണ് ഇങ്ങനെയൊരു പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. ഇവിടെ സ്ത്രീകൾ തന്നെ സംരഭം ആരംഭിക്കണമെന്നും, സ്ത്രീകളുടെ പേരിൽ പുരുഷന്മാർക്ക് സ്ഥാപനം തുടങ്ങാൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.താനൂർ കാട്ടിലങ്ങാടി സ്റ്റേഡിയം കേന്ദ്രീകരിച്ച് ആരംഭിക്കുന്ന ഫുട്ബോൾ അക്കാദമിയുടെ കീഴിൽ ഉണ്യാൽ സ്റ്റേഡിയത്തിലും വിദ്യാർത്ഥികൾക്ക് ഫുട്ബോൾ പരിശീലനം നടത്താനും പദ്ധതിയുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നിറമരുതൂർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ ടി ശശി, പഞ്ചായത്തംഗം പി പി സൈതലവി, ഹാർബർ എഞ്ചിനീയറിങ് ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.–