എല്ലാ സ്‌കൂൾ അധ്യാപകർക്കും വാക്‌സിൻ നൽകും: ആരോഗ്യമന്ത്രി

തിരുവനന്തപുരം: സെപ്റ്റംബർ അഞ്ചിന് മുമ്പായി എല്ലാ അധ്യാപകരുടെയും വാക്‌സിനേഷൻ പൂർത്തിയാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. വാക്‌സിനെടുക്കാനുള്ള അധ്യാപകർ അടുത്തുള്ള ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെടണമെന്നും മന്ത്രി നിർദേശിച്ചു. സംസ്ഥാനത്തിന് എട്ട് ലക്ഷം ഡോസ് വാക്‌സിൻ കൂടി ലഭിച്ചതായും ആരോഗ്യമന്ത്രി അറിയിച്ചു.

അധ്യാപക ദിനത്തിന് മുമ്പായി രാജ്യത്തെ എല്ലാ സ്‌കൂൾ അധ്യാപകർക്കും വാക്‌സിൻ നൽകാൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നേരത്തെ നിർദ്ദേശം നൽകിയിരുന്നു. അധ്യാപകർക്ക് വാക്‌സിനേഷൻ പൂർത്തിയാക്കാൻ കേന്ദ്രം 2 കോടി അധിക വാക്‌സിൻ നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ പറഞ്ഞു. അധ്യാപകരെ മുൻഗണനാപട്ടികയിൽ ഉൾപ്പെടുത്തി വാക്‌സിൻ നൽകാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. പരാമവധി അധ്യാപകർക്ക് സെപ്റ്റംബർ അഞ്ചിന് മുമ്പ് വാക്‌സിൻ നൽകാൻ സംസ്ഥാനങ്ങൾ ശ്രമിക്കണമെന്ന് അദ്ദേഹം ട്വീറ്ററിൽ കുറിച്ചു. കൊവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്തെ സ്‌കൂൾ അടഞ്ഞുകിടക്കുകയാണ്. പ്രദേശിക അടിസ്ഥാനത്തിൽ കൊവിഡ് വ്യാപനം പരിശോധിച്ച് സ്‌കൂളുകൾ തുറക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് അനുമതി നൽകിയിരുന്നു.


ഗുജറാത്തിൽ സെപ്തംബർ മുതൽ സ്‌കൂളുകൾ തുറക്കും. കൊവിഡ് വ്യാപനം നേരിയ രീതിയിൽ കുറഞ്ഞ സാഹചര്യത്തിലാണ് സർക്കാർ തീരുമാനം. 6,7,8 ക്ലാസുകളാണ് ആദ്യ ഘട്ടത്തിൽ തുറക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന കഴിഞ്ഞ വർഷമാണ് സംസ്ഥാനത്തെ സ്‌കൂളുകളും കോളേജുകളും അടച്ചത്. അനിന് ശേഷം ഈ വർഷം ജനുവരിയിൽ 10,12 ക്ലാസുകൾ വീണ്ടും തുറന്നെങ്കിലും കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് അടക്കുകയായിരുന്നു. തമിഴ്‌നാട്ടിൽ സ്‌കൂളുകളും കോളേജുകളും സെപ്റ്റംബർ ഒന്ന് മുതൽ തുറന്ന് പ്രവർത്തിക്കും. സ്‌കൂളുകൾ ആദ്യ ഘട്ടത്തിൽ 9 മുതൽ 12 വരെ ക്ലാസുകളാണ് തുറക്കുക. കൊവിഡ് സാഹചര്യം പരിശോധിച്ച് കൂടുതൽ ക്ലാസുകൾ തുറക്കുന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കും. സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കാനുള്ള മാനദണ്ഡങ്ങൾ സർക്കാർ നേരത്തെ പുറത്തിറക്കിയിരുന്നു.