നായ്ക്കളെയും പൂച്ചകളെയും വീട്ടിൽ വളർത്തുന്നതിന് ലൈസൻസ് നിർബന്ധമാക്കുന്നു

തിരുവനന്തപുരം: നായ്ക്കളെയും പൂച്ചകളെയും വീട്ടിൽ വളർത്തുന്നതിന് ലൈസൻസ് നിർബന്ധമാക്കുന്നു. എല്ലാ വർഷവും പുതുക്കുകയും വേണം. ‘ബ്രൂണോ കേസി”ൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ തുടർന്നാണ് ലൈസൻസ് സംവിധാനവും രജിസ്ട്രേഷനും നിർബന്ധമാക്കുന്നത്. ഇത് സംബന്ധിച്ച് എല്ലാ തദ്ദേശസ്ഥാപനങ്ങൾക്കും സർക്കാർ നിർദ്ദേശം നൽകി. തിരുവനന്തപുരം നഗരസഭ രജിസ്ട്രേഷൻ നടപടികളുടെ അന്തിമ കരട് തയ്യാറാക്കിക്കഴിഞ്ഞു.

തിരുവനന്തപുരം നഗരസഭയുടെ കരടിൽ നിന്ന്

ഒരാളിന് പരമാവധി വളർത്താവുന്ന നായ്‌ക്കളുടെ എണ്ണം 10

വളർത്തുനായ്‌ക്കൾ അയൽക്കാർക്ക് ശല്യമുണ്ടാക്കരുത്

നിയമം ലംഘിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കും

തുടർച്ചയായി നിയമം ലംഘിച്ചാൽ നായ്‌ക്കളെ പിടിച്ചെടുത്ത് ലേലം ചെയ്യും

പരിശീലകർക്കും പരിപാലന കേന്ദ്രങ്ങൾക്കും ലൈസൻസ് നിർബന്ധം

ലൈസൻസില്ലാതെ വളർത്തുന്നവർക്ക് പിഴയും കടുത്ത ശിക്ഷയും

രജിസ്ട്രേഷന് മുൻപ് പേവിഷ ബാധയ്ക്കെതിരായ കുത്തിവയ്പ് നിർബന്ധം.

മൈക്രോ ചിപ്പ് വരും

നായ്‌ക്കളുടെ കഴുത്തിലോ ചെവിയിലോ മൈക്രോചിപ്പുകൾ സ്ഥാപിക്കും. മൈക്രോചിപ്പിൽ 15 അക്ക തിരിച്ചറിയൽ നമ്പരുണ്ടാകും. ഈ നമ്പരിലൂടെ നായ്‌ക്കളുടെ എല്ലാ വിവരങ്ങളും രേഖപ്പെടുത്തി സൂക്ഷിക്കും. ഇതിനായി പുതിയ സോഫ്‌റ്റ്‌വെയർ രൂപപ്പെടുത്തും. പ്രായാധിക്യം വരുമ്പോൾ നായയെ ഉപേക്ഷിക്കുന്ന പ്രവണത ഉൾപ്പെടെ തടയാൻ മൈക്രോ ചിപ്പ് സഹായകരമാകും.

ലൈസൻസ് ഫീ

ഓരോ തദ്ദേശസ്ഥാപനങ്ങൾക്കും ലൈസൻസ് ഫീ നിശ്ചയിക്കാം. തിരുവനന്തപുരം കോർപ്പറേഷനിൽ 125 രൂപയാണ് നിലവിൽ ലൈസൻസ് ഫീ. പരിഷ്കരണത്തോടെ നിരക്കിൽ മാറ്റം വരും. മൃഗാശുപത്രികളിൽ നിന്നാണ് അപേക്ഷാഫോം ലഭിക്കുക.

ഉത്തരവ് വന്ന വഴി

തിരുവനന്തപുരം അടിമലത്തുറയിൽ വളർത്തുനായ ബ്രൂണോയെ അടിച്ചുകൊന്ന് കെട്ടിത്തൂക്കിയ സംഭവം കേരള മനഃസാക്ഷിയെ ഞെട്ടിച്ചിരുന്നു. സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് എല്ലാ വളർത്തുനായ്ക്കൾക്കും പൂച്ചകൾക്കും രജിസ്‌ട്രേഷൻ നിർബന്ധമാക്കാൻ നടപടി സ്വീകരിക്കണമെന്ന് തദ്ദേശസ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയത്.

‘നായ്‌ക്കൾക്കെതിരായ ക്രൂരത സംസ്ഥാനത്ത് വർദ്ധിച്ചു വരികയാണ്. നായ്‌ക്കളും മനുഷ്യരെപ്പോലെ ഈ ഭൂമിയിൽ ജീവിക്കുന്നവരാണ്. നായ്‌ക്കൾക്കെതിരായി നടക്കുന്ന ആക്രമണങ്ങൾക്കെതിരെ കർശന നടപടി സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകും.’

ജെ.ചിഞ്ചുറാണി

മൃഗസംരക്ഷണ വകുപ്പ് മന്ത്രി

‘തദ്ദേശ സ്വയംഭരണ വകുപ്പ് അർബൻ ഡയറക്‌ടർക്കും പഞ്ചായത്ത് ഡയറക്‌ടർക്കും ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയിട്ടുണ്ട്. നിയമനിർമ്മാണം ഉൾപ്പെടെ പരിഗണനയിലുണ്ട്. കോടതിയിൽ സർക്കാർ നിലപാട് വ്യക്തമാക്കും.’

ശാരദ മുരളീധരൻ

അഡിഷണൽ ചീഫ് സെക്രട്ടറി

മൃഗസംരക്ഷണ വകുപ്പ് സെൻസസ് അനുസരിച്ച്

സംസ്ഥാനത്ത് ആകെ വളർത്തു നായ്ക്കൾ – 4,99,992

തെരുവുനായ്ക്കൾ – 7,72, 396