രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ഇന്ന് സ്കൂളുകൾ തുറക്കും

ന്യൂഡൽഹി: രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ കൂടി ഇന്ന് സ്കൂളുകൾ തുറക്കും. കോവിഡ് കേസുകൾ കുത്തനെ കുറഞ്ഞ അ‍ഞ്ച് സംസ്ഥാനങ്ങളിലാണ് ഇന്ന് മുതൽ സ്കൂളുകൾ തുറക്കുന്നത്. ഡൽഹി,രാജസ്ഥാൻ, മധ്യപ്രദേശ്, അസം, തമിഴ്നാട് എന്നിവിടങ്ങളിലാണ് 50% വിദ്യാർഥികളുമായി ക്ലാസുകൾ ആരംഭിക്കുക.

കർശന നിയന്ത്രണങ്ങളോടെയാണ് സ്കൂൾ അധ്യയനം ആരംഭിക്കുന്നത്. അധ്യാപകരും സ്കൂൾ ജീവനക്കാരും 2 ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മാസ്‌ക് നിര്‍ബന്ധമാണ്. 50% വിദ്യാർഥികളെ വീതമാണ് പ്രവേശിപ്പിക്കുക.

ഡൽഹിയിൽ 9 മുതൽ 12 വരെയുള്ള ക്ലാസുകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കുന്നത് . 6 മുതൽ 8 വരെയുള്ള ക്ലാസുകൾ ഈ മാസം 8 നും ആരംഭിക്കും. തമിഴ് നാട്ടിൽ ഒരു ക്ലാസില്‍ ഒരേ സമയം പരമാവധി 20 വിദ്യാര്‍ത്ഥികളെ മാത്രമേ അനുവദിക്കൂ. കേരളത്തില്‍ നിന്ന് എത്തുന്ന വിദ്യാര്‍ത്ഥികള്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കേറ്റോ ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ഹാജരാക്കണം.

രാജസ്ഥാനിൽ 50% വിദ്യാർഥികളുമായി ആഴ്ചയിൽ 6 ദിവസം ക്ലാസുകൾ നടത്താനാണ് തീരുമാനം. യുപി,പഞ്ചാബ്, ഉത്തരാഖണ്ഡ്, ഒഡീഷ, ഹിമാചൽ, മിസോറാം എന്നിവിടങ്ങളിൽ നേരത്തെ തന്നെ വിദ്യാലയങ്ങൾ തുറന്നിരുന്നു.

തമിഴ്നാട്ടില്‍ വിദ്യാര്‍ത്ഥികളുടെയും, അദ്ധ്യാപക, ഇതര ജീവനക്കാരുടെയും വൈകാരികവും മാനസികവുമായ ആരോഗ്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള വിദഗ്ദ്ധ കമ്മറ്റി അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ മാനസികവും വൈകാരികവുമായ ആരോഗ്യത്തില്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ ഇതിനകം തന്നെ സ്‌കൂളുകളുടെയും കോളേജുകളുടെയും മാനേജ്മെന്റുകള്‍ക്കും, അധ്യാപകര്‍ക്കും, സ്റ്റുഡന്റ്‌സ് കൗണ്‍സിലര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വിദ്യാര്‍ത്ഥികളുടെ മാനസിക ക്ഷേമം നോക്കുന്നതിന് പ്രഗത്ഭരായ പ്രൊഫഷണല്‍ കൗണ്‍സിലര്‍മാരുടെ സഹായം തേടാന്‍ സംസ്ഥാന സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് മാനേജ്‌മെന്റുകളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഓണ്‍ലൈന്‍ പഠനത്തിലും സര്‍വേയിലും വിദ്യാര്‍ത്ഥികള്‍, ഉത്കണ്ഠയും വിഷാദവും ഉള്‍പ്പെടെയുള്ള വൈകാരിക വൈകല്യങ്ങളുമായി പോരാടുന്നതായി കണ്ടെത്തിയിരുന്നു. ചില വിദ്യാര്‍ത്ഥികള്‍ പരിഭ്രാന്തി നേരിടുകയും ആക്രമണാത്മക പെരുമാറ്റം കാണിക്കുകയും ചെയ്തു.