നിയന്ത്രണങ്ങളില്ലാതെ യൂട്യൂബ് ചാനലുകളും വെബ്പോര്‍ട്ടലുകളും; ആശങ്ക രേഖപ്പെടുത്തി സുപ്രീം കോടതി

ന്യൂഡല്‍ഹി: ശക്തമായ നിയന്ത്രണ സംവിധാനമില്ലാത്തതിനാല്‍ വെബ് പോര്‍ട്ടലുകളും, യൂട്യൂബ് ചാനലുകളും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും വ്യക്തിഹത്യ നടത്തുന്നതായും ചീഫ് ജസ്റ്റിസ് എന്‍ വി രമണ. എല്ലാ വാര്‍ത്തകളും വര്‍ഗീയ ചുവയോടെയാണ് ചില മാധ്യമങ്ങള്‍ നല്‍കുന്നത്. ഇത് രാജ്യത്തിന്റെ പേര് മോശമാക്കുമെന്നും ചീഫ് ജസ്റ്റിസ് കുറ്റപ്പെടുത്തി.

നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത്ത് സമ്മേളനവുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്തകള്‍ക്ക് എതിരായ ഹര്‍ജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് എന്‍ വി രമണ നിയന്ത്രണങ്ങളില്ലാതെ വെബ് പോര്‍ട്ടലുകളും, യൂട്യൂബ് ചാനലുകളും പ്രവര്‍ത്തിക്കുന്നതില്‍ ആശങ്ക രേഖപെടുത്തിയത്. ആര്‍ക്കും വെബ് പോര്‍ട്ടലുകളും, യു ട്യൂബ് ചാനലുകളും തുടങ്ങാം എന്ന അവസ്ഥയാണ്. ആരോടും ഉത്തരവാദിത്വം ഇല്ലാതെയാണ് ഇവ പ്രവര്‍ത്തിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു.

കരുത്തരായവരെ മാത്രമേ സമൂഹ മാധ്യമങ്ങള്‍ കേള്‍ക്കുകയുള്ളു. കോടതികളെയോ സാധാരണക്കാരെയോ മാനിക്കാറില്ല. ഇത്തരം സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചു എന്ന് കോടതി സോളിസിറ്റര്‍ ജനറലിനോട് ആരാഞ്ഞു. സര്‍ക്കാര്‍ കൊണ്ട് വന്ന ചട്ടങ്ങള്‍ കൊണ്ട് നിയന്ത്രണം സാധ്യമാണെന്ന് സോളിസിറ്റര്‍ ജനറല്‍ മറുപടി നല്‍കി. എന്നാല്‍ ചട്ടങ്ങള്‍ ചോദ്യം ചെയ്ത് വിവിധ ഹൈക്കോടതികളില്‍ കേസുകള്‍ നല്‍കിയിരിക്കുകയാണ്. ഈ ഹര്‍ജികളെല്ലാം സുപ്രീം കോടതിയിലക്ക് മാറ്റാന്‍ ട്രാന്‍സ്ഫര്‍ ഹര്‍ജി നല്‍കിയിട്ടുണ്ടെന്നും സോളിസിറ്റര്‍ ജനറല്‍ സുപ്രീം കോടതിയെ അറിയിച്ചു.

തുടര്‍ന്ന് ജംഇയ്യത്ത് ഉലമ ഹിന്ദ് അടക്കമുളള സംഘടനകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി രണ്ട് ആഴ്ചത്തേക്ക് മാറ്റി.