പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ജാമ്യത്തിലിറങ്ങിയ പ്രതി ഇനിയും കുറ്റവിമുക്തനാക്കപ്പെട്ടിട്ടില്ല.

മലപ്പുറം: ഡി.എന്‍.എ ഫലം നെഗറ്റീവായതോടെ പോക്സോ കേസില്‍ പതിനെട്ടുകാരന് ജാമ്യം ലഭിച്ച കേസില്‍ പൊലീസ് അന്വേഷണത്തില്‍ പാളിച്ചയില്ലെന്ന് സി.ഡബ്ലയു.സി മലപ്പുറം ജില്ല ചെയര്‍മാന്‍ പി. ഷജേഷ് ഭാസ്ക്കര്‍. കേസന്വേഷണത്തിന്‍റെ ദിശ തെറ്റിക്കാന്‍ ശ്രമിച്ചവരും പോക്സോ നിയമപ്രകാരം പ്രതികളാവുമെന്നും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി വ്യക്തമാക്കി.

പതിനേഴുകാരി ഗര്‍ഭിണിയായ കേസില്‍ പെണ്‍കുട്ടിയുടെ മൊഴിപ്രകാരമാണ് കേസെടുത്തത്. സാധാരണ ഇരയുടെ മൊഴിപ്രകാരം കേസെടുക്കുകയാണ് പതിവുരീതി. ഇരയെ അവിശ്വസിക്കേണ്ട കാര്യമില്ലെന്നും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ പറഞ്ഞു.

പെണ്‍കുട്ടിയെ കുറ്റപ്പെടുത്തുന്ന രീതിയിലുളള പ്രചാരണത്തില്‍ നിന്ന്് പൊതുസമൂഹം വിട്ടുനില്‍ക്കണം. പതിനെട്ടുകാരന്‍ ശ്രീനാഥിന്‍റെ ഡി.എന്‍.എ ഫലം നെഗറ്റീവായതോടെ പീഡനത്തിനു പിന്നില്‍ മറ്റാരോ ഉണ്ടെന്നാണ് വ്യക്തമാകുന്നത്. പീഡനക്കേസില്‍ ഒളിഞ്ഞിരിക്കുന്ന പ്രതി 2 ദിവസത്തിനകം അറസ്റ്റിലാകും.

അറസ്റ്റിലാവേണ്ട പ്രതിയുടെ വിവരങ്ങള്‍ മറച്ചുവച്ച് കേസിന്‍റെ ഗതി മാറ്റാന്‍ ശ്രമിച്ചവരുണ്ടെങ്കില്‍ അവരേയും പോക്സോ നിയമപ്രകാരം പ്രതിപ്പട്ടികയില്‍ ചേര്‍ക്കുമെന്നും അറിയിച്ചു.