സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രായോഗികമല്ല മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന് സമ്പൂര്‍ണ അടച്ചിടല്‍ പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിരോധ പ്രവര്‍ത്തനത്തില്‍ വാര്‍ഡുതല സമിതികള്‍ പുറകോട്ട് പോയെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് പ്രതിരോധം വിലയിരുത്താന്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത തദ്ദേശപ്രതിനിധികളുടെ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.

ഒരു ഘട്ടംവരെ വാര്‍ഡുതല സമിതികള്‍ നന്നായി പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ വാര്‍ഡുതല സമിതികള്‍ പുറകിലോട്ട് പോയി. ജാഗ്രതയില്‍ കുറവ് വന്നു. അത് ശക്തമാക്കണം. പല സ്ഥലങ്ങളിലും നിരീക്ഷണങ്ങളില്‍ ഇരിക്കേണ്ട പലരും പുറത്തിറങ്ങി നടക്കുകയാണ്. അവരെ നിരീക്ഷിക്കാനായി അയല്‍പക്ക നിരീക്ഷണ സമിതികള്‍ രൂപീകരിക്കണം. അവരില്‍ നിന്ന് പിഴ ഈടാക്കണം. പ്രത്യേക ക്വാറന്റീന്‍ കേന്ദ്രങ്ങളിലാക്കണം. ക്വാറന്റീന്‍ ചെലവ് അവരില്‍ നിന്ന് ഈടാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

സിഎഫ്എല്‍ടിസികള്‍ പലയിടത്തും നിര്‍ജീവമാണ്. തദ്ദേശസ്ഥാപനങ്ങള്‍ക്ക് അത് നടത്തിക്കാന്‍ സാമ്പത്തിക പ്രയാസമുണ്ടെങ്കില്‍ സര്‍ക്കാര്‍ സഹായിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

വാര്‍ഡുതല സമിതികളില്‍ പോലീസിന്റെ സാന്നിധ്യമുണ്ടാവണം. കോവിഡ് രണ്ടാഴ്ചയ്ക്കുള്ളില്‍ നിയന്ത്രണത്തിലാവണം, രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവ് കൊണ്ടുവരാനാവണം. അതിനായി തദ്ദേശസ്ഥാപനങ്ങള്‍ സടകുടഞ്ഞ് എഴുന്നേല്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.