ഇന്ധനവില വർദ്ധനവിന് പുതിയ കാരണം കണ്ടെത്തി ബിജെപി എംഎൽഎ

ബം​ഗളുരു: കക്കൂസ് നിർമാണവും യു.പി.എ സർക്കാരിന്റെ കാലത്തെ ഓയിൽ ബോണ്ടിനും പിന്നാലെ ഇന്ധനവില വർദ്ധനവിന് പുതിയ കാരണങ്ങൾ നിരത്തുന്ന തിരക്കിലാണ് ബി.ജെ.പി നേതാക്കൾ. രാജ്യത്തെ ഇന്ധനവില വർദ്ധനവിന് കാരണം താലിബാൻ അഫ്ഗാനിൽ ഭരണം പിടിച്ചതാണെന്നാണ് കർണാടകയിൽ നിന്നുളള ബി.ജെ.പി നേതാവിന്റെ പുതിയ കണ്ടെത്തൽ. ഹുബ്ലി-ധാർവാഡ് വെസ്റ്റ് മണ്ഡലത്തിലെ ബി.ജെ.പി എം.എല്‍.എ അരവിന്ദ് ബെല്ലാര്‍ഡാണ് ഇത്തരമൊരു വാദവുമായി രംഗത്തെത്തിയത്.

അഫ്ഗാനിസ്ഥാനിലെ താലിബാൻ പ്രതിസന്ധി കാരണം, ക്രൂഡ് ഓയിൽ വിതരണത്തിൽ കുറവുണ്ടായി. തത്ഫലമായി, എൽ.പി.ജി, പെട്രോൾ, ഡീസൽ എന്നിവയുടെ വില ഉയരുന്നു. വിലക്കയറ്റത്തിന്റെ കാരണങ്ങൾ മനസിലാക്കാൻ വോട്ടർമാർ പക്വതയുള്ളവരാണെന്നും ബെല്ലാർഡ് പറഞ്ഞതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന ലോകത്തിലെ മൂന്നാമത്തെ വലിയ രാജ്യമാണ് ഇന്ത്യ. എന്നാൽ അഫ്ഗാനിസ്ഥാൻ അതിന്റെ പ്രധാന വിൽപ്പനക്കാരിൽ ഇടം പിടിക്കുന്നില്ല. വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 2021 ജൂലായ് വരെ, ഇന്ത്യയ്ക്ക് അസംസ്കൃത എണ്ണ വിൽക്കുന്ന ആദ്യ ആറ് രാജ്യങ്ങൾ ഇറാഖ്, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, നൈജീരിയ, അമേരിക്ക, കാനഡ എന്നിവയാണ്.

അഫ്ഗാനിസ്ഥാനിലെ സാഹചര്യം എണ്ണ, വാതക വിലകളെ ബാധിക്കാൻ സാദ്ധ്യതയുണ്ട്, എന്നാൽ അത്തരം സ്വാധീനം ഇതുവരെ വ്യക്തമല്ല. ആഗോള സമൂഹം (പ്രത്യേകിച്ച് എണ്ണ ഉൽപാദിപ്പിക്കുന്ന രാജ്യങ്ങൾ) താലിബാനും പുതിയ അഫ്ഗാൻ സർക്കാരുമായും ഇടപെടുന്നതിൽ ജാഗ്രത പുലർത്തുന്നു. കൊറോണ വൈറസിന്റെ പ്രക്ഷുബ്ധമായ രണ്ടാമത്തെ തരംഗത്തിന്റെ പശ്ചാത്തലത്തിൽ റിഫൈനറികൾ പ്രോസസ്സിംഗ് വെട്ടിക്കുറച്ചതിനാൽ ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി എട്ട് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയെന്ന് ജൂണിൽ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ കുറെ മാസങ്ങളായി പെട്രോൾ, ഡീസൽ, എൽ.പി.ജി സിലിണ്ടർ വിലയിലെ അനിയന്ത്രിതമായ വർദ്ധനവിന്റെ പേരിൽ നരേന്ദ്ര മോദി സർക്കാരിനെതിരെ വിമർശനമുയർന്നിരുന്നു. എന്നാൽ പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി സർക്കാർ സ്വയം പ്രതിരോധിച്ചു. യു.പി.എ സര്‍ക്കാര്‍ ഇറക്കിയ എണ്ണ ബോണ്ട് പലിശ ഖജനാവിന് ബാദ്ധ്യതയാണെന്നും ഇതാണ് ഇന്ധന നികുതി കുറ്ക്കുന്നതിന് തടസമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞിരുന്നു.

എന്നാൽ കേന്ദ്ര സർക്കാർ ഇന്ധനവില വർദ്ധനവിലൂടെ നേടിയ വരുമാനത്തിന്റെ കണക്ക് നിരത്തി കോൺഗ്രസ് നി‌ർമല സീതാരാമന്റെ ആരോപണത്തിനെതിരെ രം​ഗത്തെത്തി. ബി.ജെ.പി അധികാരത്തിലിരുന്ന ഏഴ് വർഷത്തിനിടെ 23 ലക്ഷം കോടി രൂപ മോദി സർക്കാർ സമ്പാദിച്ചുവെന്ന് കോൺഗ്രസും രാഹുൽ ഗാന്ധിയും തിരിച്ചടിച്ചു. യു.പി.എ സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ 410 രൂപയായിരുന്ന എല്‍.പി.ജി സിലിണ്ടറിന്റെ വില ഇപ്പോള്‍ 885 രൂപയാണ്. 2014ന് ശേഷം പെട്രോള്‍ വിലയില്‍ 42 ശതമാനത്തിന്റെയും ഡീസല്‍ വിലയില്‍ 55 ശതമാനത്തിന്റെയും വര്‍ദ്ധനവാണ് ഉണ്ടായതെന്നും രാഹുല്‍ പറഞ്ഞു.