കൊവിഡ് പ്രതിസന്ധിക്കിടെ സോപ്പ്, ബിസ്‌ക്കറ്റ്, പേസ്റ്റ് എന്നിവയ്ക്ക് വില കുത്തനെ വർദ്ധിപ്പിച്ചു

കൊച്ചി: കൊവിഡ് പ്രതിസന്ധിക്കിടെ സോപ്പ്, ബിസ്‌ക്കറ്റ്, പേസ്റ്റ് എന്നിവയ്ക്ക് നിർമ്മാതാക്കൾ വില കുത്തനെ വില വർദ്ധിപ്പിച്ചു. വില കൂട്ടിയതിനൊപ്പം അളവിലും തൂക്കത്തിലും ചില ഉത്പന്നങ്ങൾക്ക് കുറവും വരുത്തി.

കഴിഞ്ഞ മാർച്ച് മുതലാണ് വിലയിൽ മാറ്റം വന്നതെതെന്ന് വ്യാപാരികൾ പറയുന്നു. ഇന്ധനവില വർദ്ധനയാണ് വില വർദ്ധനവിന് കാരണമായി വ്യാപാരികൾ പറയുന്നത്. എഫ്.എം.സി.ജി. (ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്സ്) വിഭാഗത്തിൽ വരുന്ന ചില കമ്പനികളുടെ ഉത്പന്നങ്ങളിലാണ് ഈമാറ്റം. ബാത്ത് സോപ്പ്, ബാർ സോപ്പ്, ബിസ്‌ക്കറ്റ്, പേസ്റ്റ് എന്നിവയ്ക്കു പുറമേ നായ, പൂച്ച എന്നിവയുടെ തീറ്റയ്ക്കും വില കൂടി. ഇവയിൽ പലതിനും നാലു മുതൽ അഞ്ചു രൂപയുടെ വില വർദ്ധനവുണ്ട്. മുമ്പ് 38 രൂപയായിരുന്ന പ്രമുഖ കമ്പനിയുടെ സോപ്പിന് 42 രൂപയായി ഉയർന്നിട്ടുണ്ട്. 20 രൂപയുടെ ബിസ്‌ക്കറ്റിന് 25 രൂപ നൽകണം. ടൂത്ത് പേസ്റ്റിന് ഒന്നുമുതൽ മൂന്നു രൂപയുടെ വരെ വ്യത്യാസമുണ്ട്.

ബാർ സോപ്പിന് വിലയിൽ ഒന്നോ രണ്ടോ രൂപയുടെ വർദ്ധനവാണുള്ളതെങ്കിലും അളവിൽ വന്ന മാറ്റമാണ് വ്യാപാരികളെ ഞെട്ടിക്കുന്നത്. 10 രൂപയ്ക്ക് ലഭിച്ചിരുന്ന ബോർ സോപ്പിന് ഇപ്പോൾ പഴയ വലുപ്പമില്ല. ബിസ്‌ക്കറ്റുകളുടെ അളവിലും 30 ശതമാനത്തിന്റെ കുറവുണ്ട്. പൂച്ചകളുടേയും നായ്ക്കളുടേയും തീറ്റയ്ക്ക് 15 ശതമാനം വരെ വല കൂട്ടിയിട്ടുണ്ട്.