വ്യാജ ആധാർ കാർഡും ഡ്രൈവിംഗ് ലൈസൻസും നിർമിച്ച് നൽകുന്ന സംഘം പിടിയിൽ
മലപ്പുറം: വ്യാജ ആധാർ കാർഡും ഡ്രൈവിംഗ് ലൈസൻസും നിർമിച്ച് നൽകുന്ന സംഘം മലപ്പുറത്ത് പിടിയിൽ. പെരുമ്പാവൂർ സ്വദേശികളായ പാറക്കൽ ഷംസുദ്ദീൻ, തെലക്കൽ ഷമീർ എന്നിവരാണ് പെരുമ്പടപ്പ് പൊലീസിന്‍റെ പിടിയിലായത്. ഇവരിൽ നിന്നും കമ്പ്യൂട്ടറും കളർ പ്രിന്‍ററുകളും പോലീസ് പിടികൂടി.

അന്തർസംസ്ഥാന മാല മോഷണ കേസിൽ പെരുമ്പാവൂർ സ്വദേശികളെ പെരുമ്പടപ്പ് പൊലീസ് പിടികൂടിയിരുന്നു. ഇവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വ്യാജ ആധാർ കാർഡും ഡ്രൈവിംഗ് ലൈസൻസും സംഘടിപ്പിച്ച് നൽകിയ പെരുമ്പാവൂർ സംഘത്തെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് പെരുമ്പടപ്പ് പോലീസ് പെരുമ്പാവൂരിലെത്തി പ്രതികളെ പിടികൂടുകയായിരുന്നു.

ഷംസുദ്ദീനും ഷെമീറും ചേർന്ന് ഷെമീറിന്‍റെ സ്റ്റുഡിയോയിൽ വെച്ചാണ് വ്യാജ രേഖകൾ നിർമിച്ചിരുന്നത്. ആവശ്യക്കാരിൽ നിന്നും വൻ തുക ഈടാക്കിയായിരുന്നു വ്യാജ രേഖകളുടെ നിർമ്മാണം. ഇതര സംസ്ഥാന തൊഴിലാളികൾ കൂടുതൽ താമസിച്ച് വരുന്ന പെരുമ്പാവൂർ കേന്ദ്രീകരിച്ച് സംഘം വൻതോതിൽ വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമിച്ച് നൽകിയന്നാണ് പൊലീസിന്‍റെ നിഗമനം.