ഇന്ന് സമ്പൂർണ ലോക്ഡൗൺ; രാത്രി കർഫ്യൂ തുടരും
തിരുവനന്തപുരം: ഞായറാഴ്ച ലോക്ഡൗൺ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ ദിവസവും രാത്രി 10 മുതൽ ആറുവരെയുള്ള കർഫ്യൂവും തുടരും. ചൊവ്വാഴ്ച ചേരുന്ന അവലോകനയോഗം സാഹചര്യങ്ങൾ വിലയിരുത്തി നിയന്ത്രണം തുടരണമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡിനൊപ്പം ജീവിക്കാൻ തയ്യാറെടുക്കണം. വാക്സിനേഷൻ പൂർത്തിയായാലും കോവിഡ് പൂർണമായും വിട്ടുപോവില്ലെന്നാണ് വിദഗ്ധർ പറയുന്നത്. വാക്സിനേഷൻ താരതമ്യേന കുറഞ്ഞരീതിയിൽ നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ പ്രത്യേക വാക്സിനേഷൻ യജ്ഞം നടത്താനും തീരുമാനമുണ്ട്.
ക്വാറന്റീൻ ലംഘിച്ചാൽ കേസ്; നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും
ക്വാറന്റീൻ ലംഘിക്കുന്നവർക്കെതിരേ കേസെടുക്കും. രോഗികൾ ക്വാറന്റീനിൽ തുടരുന്നുവെന്ന് പോലീസിൻറെ മോട്ടോർ സൈക്കിൾ പട്രോൾ സംഘം ഉറപ്പാക്കും. ക്വാറന്റീൻ ലംഘിക്കുന്നവരെ വീടുകളിൽ തുടരാൻ അനുവദിക്കില്ല. സി.എഫ്.എൽ.ടി.സിയിലേക്ക് മാറ്റും. കോവിഡ് രോഗികൾക്ക് വീടുകളിൽത്തന്നെ കഴിയാൻ സഹായകരമായ സൗകര്യങ്ങൾ ലഭ്യമാണോയെന്ന് പരിശോധിക്കും. അനുകൂല സാഹചര്യങ്ങൾ ഇല്ലെങ്കിൽ സി.എഫ്.എൽ.ടി.സിയിലേക്ക് മാറ്റും. ക്വാറന്റീൽ കഴിയുന്ന രോഗികൾക്ക് അവശ്യവസ്തുകൾ ലഭിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ അവ എത്തിച്ചുനൽകാനും പോലീസ് നടപടി സ്വീകരിക്കും.