ഗവ.കാരാറുകാര്‍ സമരത്തിലേക്ക്


മലപ്പുറം: 2018 ലെ ഡി.എസ്.ആര്‍. 13.08.2018 ന് നിലവില്‍ വന്നിരിക്കുകയാണ്. പുതിയ നിരക്ക് പ്രകാരം 27.08.2021 മുതല്‍ പി.ഡബ്ല്യൂ.ഡി. പ്രൈസില്‍ അപ്‌ലോഡ് ചെയ്ത് അത് പ്രകാരം എസ്റ്റിമേറ്റ് തയ്യാറാക്കുന്ന പ്രവര്‍ത്തികള്‍ തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ പി.ഡബ്ല്യൂ.ഡി. കോഡും മാന്വലും അടിസ്ഥാനമാക്കി ടെന്‍ഡര്‍ നടപടികള്‍ സ്വീകരിക്കുന്ന എല്‍.എസ്.ജി.ടി. ഇതുവരെയും 2018 ഡി.എസ്.ആര്‍. നടപ്പില്‍ വരുത്തുന്നതിന് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പഴയ നിരക്കില്‍ എസ്റ്റിമേറ്റ് തയ്യാറാക്കി ടെന്‍ഡര്‍ ചെയ്യുന്നതിനുള്ള ഒരുക്കത്തിലുമാണ്. ഇത് കരാറുകാരോട് കാണിക്കുന്ന നീതിനിഷേധമാണ്. പി.ഡബ്ല്യൂ.ഡി. രജിസ്‌ട്രേഷന്‍ നടത്തി എല്ലാ മേഖലയിലും പ്രവൃത്തി ഏറ്റെടുക്കുന്ന കരാറുകാരെ രണ്ട് തട്ടില്‍ കാണുന്ന സമീപം അംഗീകരിക്കാന്‍ കഴിയില്ല. അതോടൊപ്പം പി.ഡബ്ല്യൂ.ഡി.യിലും എല്‍.എസ്.ജി.ടിയിലും നടക്കുന്ന ഒരേ പ്രവര്‍ത്തികള്‍ക്ക് രണ്ട് റേറ്റ് നിശ്ചയിക്കുന്ന തദ്ദേശസ്വയംഭരണ വകുപ്പിന്റെ നടപടി ഒഴിവാക്കി 2018 ലെ റേറ്റ് വെച്ച് എസ്റ്റിമേറ്റ് തയ്യാറാക്കി ടെന്‍ഡര്‍ ചെയ്യാന്‍ നടപടി സ്വീകരിക്കേണ്ടതാണ്. ഇത്തരത്തില്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന എല്‍.എസ്.ജി.ടി.യുടെ അനാസ്ഥക്കെതിരെ കേരള ഫെഡറേഷന്റെ നേതൃത്വത്തില്‍ കലക്‌ട്രേറ്റിന് മുമ്പില്‍ ധര്‍ണ്ണ നടത്തി. പി.ഉബൈദുള്ള എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.

കരാറുകാരെ രണ്ട് തട്ടില്‍ കാണുന്ന ഈ രീതി ശരിയില്ലെന്നും പി.ഡബ്ല്യൂ.ഡി.  മാന്വല്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന എല്ലാ കരാറുകാരെയും ഒരേ കണ്ണില്‍ കാണണമെന്നും അവര്‍ക്ക് നല്‍കിയ അവകാശങ്ങള്‍ പിടിച്ച്  വെക്കരുതെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. പ്രശ്‌നം അടിയന്തിരമായി പരിഹരിച്ചില്ലെങ്കില്‍ മറ്റു കരാര്‍ സംഘടനകളെ കൂട്ടിയോജിപ്പിച്ച്‌കൊണ്ട് സംയുക്തമായി ടെന്‍ണ്ടര്‍ ബഹിഷ്‌കരണവും അതോടൊപ്പം പ്രവൃത്തി നിര്‍ത്തി വെച്ചുകൊണ്ടുള്ള സമരവും സംഘടിപ്പിക്കുന്നതിന് സംഘടന നിര്‍ബന്ധിതമാകുമെന്ന് ജില്ലാ സെക്രട്ടറി അബ്ബാസ് കുറ്റിപ്പുളിയന്‍ സ്വാഗത പ്രസംഗത്തില്‍  പറഞ്ഞു. ഉണ്ണി, അബ്ദുല്‍ റഷീദ്, നാസര്‍, അഫ്താബ,് റഷീദ്, മന്‍സൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.  ഈ വിഷയം ഉന്നയിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ തുടങ്ങിയവര്‍ക്ക് നിവേദനം കൈമാറി.