നിപ; സംസ്ഥാനത്ത് ആറു പേര്‍ക്ക് കൂടി രോഗലക്ഷണം
സംസ്ഥാനത്ത് ആറുപേര്‍ക്ക് കൂടി നിപ രോഗലക്ഷണം. ഇതോടെ ലക്ഷണങ്ങളോടെ ചികിത്സയിലുള്ളവരുടെ എണ്ണം 17 ആയി. 257 പേരാണ് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇതിൽ 122 പേർ അടുത്ത സമ്പര്‍ക്കമുള്ളവരാണ്. പ്രദേശത്ത് കാട്ടുപന്നികൾ ഉള്ളതായി മനസിലാക്കിയിട്ടുണ്ടെന്നും ഇവയുടെ സാംപിളുകൾ പരിശോധിക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.

ഇതുവരെ 3307വീടുകളിൽ പരിശോധന നടത്തി. ഉറവിടം തിരിച്ചറിയാൻ എല്ലാ സാധ്യതകളും തേടുന്നതായും ആരോഗ്യമന്ത്രി പറഞ്ഞു. പ്രദേശത്ത് വവ്വാൽ ചത്തു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ചത്തു കിടക്കുന്ന വവ്വാലുകളെ കൈ കൊണ്ട് തൊടരുതെന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പു നല്‍കി. കേന്ദ്ര സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

അഞ്ചു പേരുടെ കൂടി പരിശോധന ഫലം അർധ രാത്രിയോടെ വരും. 35 പേരുടെ പരിശോധന കോഴിക്കോട് നടത്തുന്നതായും മന്ത്രി വ്യക്തമാക്കി. മസ്തിഷ്ക്ക ജ്വരവുമായി ബന്ധപ്പെട്ട സർവൈലൻസ് കോഴിക്കോട് ജില്ലയിൽ നടത്തുമെന്നും മെഡിക്കല്‍ കോളജില്‍ ബി.എസ്.എല്‍ ലെവല്‍ ത്രീ ലാബ് സജ്ജീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, സംസ്ഥാനത്ത് കോവിഡിനൊപ്പം നിപ പ്രതിരോധ നടപടികളും സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഒരു രാത്രി കൊണ്ട് ചികിത്സ സൗകര്യം ഉണ്ടാക്കി. എല്ലാ ജില്ലകൾക്കും ജാഗ്രത നിർദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ആവശ്യമെങ്കിൽ നിപ മാനേജ്മെൻറ് പ്ലാൻ ജില്ലകൾ തയ്യാറാക്കണം. വൈറസിന്‍റെ ഉറവിടം കണ്ടെത്താൻ വലിയ ശ്രമം നടത്തുന്നുണ്ട്. വയനാട്ടില്‍ നാലും മലപ്പുറത്ത് എട്ടും കണ്ണൂരില്‍ മൂന്നുപേരും നിപ സമ്പർക്ക പട്ടികയിലുണ്ട്. എന്നാല്‍ ആർക്കും ഗുരുതര ലക്ഷണമില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.