തിരൂരില്‍ നടന്ന വനിതാ കമ്മീഷൻ അദാലത്തില്‍ 29 പരാതികള്‍ തീര്‍പ്പാക്കി

വനിതാ കമ്മീഷനിലെത്തുന്ന  പരാതികള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് ജില്ലകളില്‍ മാസം തോറും രണ്ട് അദാലത്തുകള്‍ സംഘടിപ്പിക്കും

വനിതാ കമ്മീഷന് മുന്നിലെത്തുന്ന പരാതികളില്‍ വേഗത്തില്‍ നടപടി കൈക്കൊള്ളുന്നതിനായി  ജില്ലകളില്‍ മാസം തോറും രണ്ട് അദാലത്തുകള്‍ വീതം സംഘടിപ്പിക്കുമെന്ന് വനിതാ കമ്മീഷന്‍ അംഗം ഇ.എം രാധ. തിരൂര്‍ ഇ.എം.എസ് സാംസ്‌കാരിക സമുച്ചയത്തില്‍ നടന്ന വനിതാ കമ്മീഷന്‍ മെഗാ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍. ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍  മാസങ്ങളില്‍ പ്രാരംഭ ഘട്ടമെന്ന നിലയില്‍ ഇത് നടപ്പിലാക്കും. നിലവില്‍ മാസത്തില്‍ ഒരു തവണ മാത്രമാണ് അദാലത്ത് നടത്താറുള്ളത്. ഇത് കേസുകളില്‍ നടപടി വൈകുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് രണ്ട് അദാലത്തുകള്‍ വീതം നടത്താന്‍ തീരുമാനിച്ചതെന്ന് അവര്‍ പറഞ്ഞു.

കുടുംബ പ്രശ്‌നങ്ങളാണ് കൂടുതലായും ഇപ്പോള്‍ കമ്മീഷന് മുമ്പിലെത്തുന്നത്. സ്ത്രീധനവുമായി ബന്ധപ്പെട്ടും നിരവധി പരാതികള്‍ ഉന്നയിക്കപ്പെടുന്നുണ്ട്. ഇതില്‍ ഏറെയും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള പെണ്‍കുട്ടികളാണെന്നതാണ് വസ്തുത. ഇത്തരം പരാതികളില്‍ വിവാഹ മോചനം നേടുന്നതോടൊപ്പം അവര്‍ക്ക് നഷ്ടമായ പണം തിരികെ ലഭിക്കുന്നതിനുള്ള ആവശ്യവും പെണ്‍കുട്ടികള്‍ ഉന്നയിക്കുന്നുണ്ട്. മുന്‍ കാലത്തില്‍ നിന്നും വിഭിന്നമായി രക്ഷിതാക്കളുടെ ഭാഗത്ത് നിന്നും കാര്യമായ പിന്തുണ പെണ്‍കുട്ടികള്‍ക്ക് ഇക്കാലത്ത് ലഭിക്കുന്നതായാണ് മനസ്സിലാകുന്നതെന്നും അവര്‍ പറഞ്ഞു. എന്നാല്‍ അറിയപ്പെടാതെ പോകുന്ന സ്ത്രീധന സംബന്ധമായതുള്‍പ്പടെ പരാതികള്‍ നിലനില്‍ക്കുന്നുണ്ടാകാമെന്നാണ് കരുതപ്പെടുന്നത്. അതിനായി പ്രാദേശിക തലത്തില്‍ രൂപീകരിച്ചിട്ടുള്ള ജാഗ്രത സമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുമെന്നും അവര്‍ പറഞ്ഞു.

തിരൂര്‍ ഇ.എം.എസ് സാംസ്‌കാരിക സമുച്ചയത്തില്‍ നടന്ന അദാലത്തില്‍ 70 പരാതികളാണ് കമ്മീഷന്‍ പരിഗണിച്ചത്. ഇതില്‍ 29 പരാതികള്‍ തീര്‍പ്പാക്കി. 41 പരാതികള്‍ അടുത്ത അദാലത്തിലേക്കായി മാറ്റിവെക്കുകയും ചെയ്തിട്ടുണ്ട്.  അഡ്വ. രാജേഷ് പുതുക്കാട്, അഡ്വ. ബീന കരുവാത്ത് കൗണ്‍സിലര്‍മാര്‍ എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു.