കേരളത്തിലെ സഹകരണ മേഖല ഇ.ഡി കൈകാര്യം ചെയ്യേണ്ടതില്ല; ജലീലിനെ തള്ളി മുഖ്യമന്ത്രി
തിരുവനന്തപുരം: എ.ആർ സഹകരണബാങ്ക് തട്ടിപ്പ് കേസ് ഇ.ഡി അന്വേഷിക്കണമെന്ന കെ.ടി ജലീലിന്റെ ആവശ്യം തള്ളി മുഖ്യമന്ത്രി. കേരളത്തിലെ സഹകരണ മേഖല ഇ.ഡി കൈകാര്യം ചെയ്യേണ്ടതില്ല. സാധാരണ ഗതിയിൽ ഉന്നയിക്കാൻ പാടില്ലാത്ത ആവശ്യമാണ് ജലീൽ ഉന്നയിച്ചത്. ഇ.ഡി ചോദ്യം ചെയ്ത ശേഷം ജലീലിന് ഇ.ഡിയിൽ വിശ്വാസം വർധിച്ചിട്ടുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രസ്തുത വിഷയത്തില്‍ സഹകരണവകുപ്പിന്റെ അന്വേഷണം നടക്കുന്നുണ്ടെന്നും നിലവില്‍ ഹൈക്കോടതി സ്‌റ്റേ ഉള്ളതിനാലാണ് മുന്നോട്ടുപോകാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇവിടെയുള്ള അന്വേഷണ ഏജന്‍സികള്‍ കൃത്യമായി അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്‍ വ്യവസായ മന്ത്രിയും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയുമായി പി.കെ. കുഞ്ഞാലിക്കുട്ടി അടക്കമുള്ളവര്‍ക്കെതിരെ ഗുരുതര ആരോപണവുമായാണ് കഴിഞ്ഞ ദിവസം കെ.ടി. ജലീല്‍ രംഗത്തെത്തിയത്. എ.ആര്‍. നഗര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ 1021 കോടിയുടെ കള്ളപ്പണ ബിനാമി ഇടപാടുകളാണ് സഹകരണ വകുപ്പിന്റെ അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നതെന്നും ഇതിന്റെ മുഖ്യസൂത്രധാരന്‍ കുഞ്ഞാലിക്കുട്ടിയാണെന്നുമായിരുന്നു ജലീലിന്‍റെ ആരോപണം.

കുഞ്ഞാലിക്കുട്ടിയ്ക്കൊപ്പം അദ്ദേഹത്തിന്റെ ബിനാമിയും ദീര്‍ഘകാലം ബാങ്ക് സെക്രട്ടറിയുമായിരുന്ന വി.കെ. ഹരികുമാറിനും തട്ടിപ്പില്‍ വലിയ പങ്കാണുള്ളതെന്ന് ജലീല്‍ പറഞ്ഞു. പ്രാഥമിക സഹകരണ സംഘം മാത്രമായ എ.ആര്‍. നഗര്‍ കോപ്പറേറ്റീവ് ബാങ്കില്‍ അമ്പതിനായിരത്തില്‍പരം അംഗങ്ങളും എണ്‍പതിനായിരത്തിലധികം അക്കൗണ്ടുകളുമാണുള്ളത്.

257 കസ്റ്റമര്‍ ഐ.ഡികളില്‍ മാത്രം 862 വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കിയാണ് പണാപഹരണവും കള്ളപ്പണ സൂക്ഷിപ്പും അഴിമതിപ്പണ വെളുപ്പിക്കലും കുഞ്ഞാലിക്കുട്ടിയും ഹരികുമാറും ചേര്‍ന്ന് നടത്തിയിരിക്കുന്നതെന്നും ജലീല്‍ വ്യക്തമാക്കി. എ.ആര്‍. നഗര്‍ സഹകരണ ബാങ്കിലെ മുഴുവന്‍ കസ്റ്റമര്‍ ഐ.ഡികളും പരിശോധിക്കപ്പെട്ടാല്‍ കള്ളപ്പണ ഇടപാടില്‍ രാജ്യത്തെതന്നെ ഞെട്ടിക്കുന്ന പകല്‍ കൊള്ളയുടെ ചുരുളഴിയുമെന്നും ജലീല്‍ ചൂണ്ടിക്കാട്ടിയിരുന്നു