നിപ; സമ്പർക്ക പട്ടികയിലുള്ള ഇരുപത് പേരുടെ പരിശോധന ഫലങ്ങൾ നെഗറ്റീവ്

കോഴിക്കോട്: നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയിലുള്ള ഇരുപത് പേരുടെ പരിശോധന ഫലങ്ങൾ കൂടി നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഇതിൽ പതിനഞ്ചെണ്ണം പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലും, അഞ്ചെണ്ണം കോഴിക്കോട് മെഡിക്കൽ കോളേജിലുമാണ് പരിശോധിച്ചത്.

രോഗ ലക്ഷണങ്ങളുള്ള എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി അറിയിച്ചു.21 പേരുടെ പരിശോധന ഫലങ്ങൾ കൂടി ഇനി ലഭിക്കാനുണ്ട്. രോഗലക്ഷണങ്ങളുള്ള 17 പേരിൽ 16 പേർക്കും നിപ ഇല്ലെന്ന് സ്ഥിരീകരിച്ചു.

ഇതുവരെ പരിശോധിച്ച 30 പേരുടെ പരിശോധന ഫലങ്ങളും നെഗറ്റീവായി. നിലവിൽ 68 പേരാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലുള്ളത്. 42 ദിവസം നിരീക്ഷണം തുടരും.നിപയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. പ്രദേശത്ത് കാട്ടുപന്നിയുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനാൽ അവയുടെ സ്രവം ശേഖരിക്കും.