ലേണേഴ്‌സ് കാലാവധി തീരുന്നതിനു മുമ്പ് ഡ്രൈവിംഗ് ടെസ്റ്റ് നടത്തണം: ആള്‍ കേരള മോട്ടോര്‍ ഡ്രൈവിംഗ് സ്‌കൂള്‍ ഇന്‍സ്ട്രക്‌ടേഴ്‌സ് ആന്റ് വര്‍ക്കേഴ്‌സ്

മലപ്പുറം : ജില്ലയില്‍ ഇക്കഴിഞ്ഞ ലോക്ക്  ഡൗണ്‍ സമയം നിര്‍ത്തിവെച്ചതും  നീട്ടികിട്ടിയ ലോണേഴ്‌സ് കാലാവധി സെപ്തംബര്‍ 30-ാം തിയ്യതി തീരുന്നതിന് മുമ്പായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഡ്രൈവിംഗ് ടെസ്റ്റ് നടത്തി ലൈസന്‍സ് അനുവദിച്ചു കൊടുക്കണമെന്ന് ആള്‍ കേരള  മോട്ടോര്‍ ഡ്രൈവിംഗ് സ്‌കൂള്‍ ഇന്‍സ്ട്രക്‌ടേഴ്‌സ് ആന്റ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
2020 നവംബര്‍, ഡിസംബര്‍ മാസം മുതല്‍ ലേണേഴ്‌സ് കഴിഞ്ഞവര്‍ക്കായിരുന്നു  ഏപ്രില്‍ മാസം ഡ്രൈവിംഗ് ടെസ്റ്റ് നടന്നിരുന്നത്. ഈ കാലഘട്ടത്തിലാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരുന്നതും കൂടാതെ മാര്‍ച്ച് ഏപ്രില്‍ മാസം ലേണേഴ്‌സ് കഴിഞ്ഞവരുടെ ഡ്രൈവിംഗ് ടെസ്റ്റ് ഷെഡ്യൂള്‍ ജൂണ്‍ ഏഴുവരെ ഉണ്ടായിരുന്നു. ഫലത്തില്‍ 8 മാസക്കാലയളവില്‍ ലേണേഴ്‌സ് കഴിഞ്ഞവരില്‍ ബഹുഭൂരിപക്ഷവും ഇനിയും ഡ്രൈവിംഗ് ടെസ്റ്റിനായി കാത്തിരിക്കയാണ്. എന്നാല്‍ സെപ്തംബര്‍ 30 വരെയാണ് ഇവരുടെ ലേണേഴ്‌സ് ലൈസന്‍സ് കാലാവധി. രാജ്യത്ത് കോവിഡ് പ്രതിസന്ധി കുറഞ്ഞ ഘട്ടത്തില്‍ ഈ ലേണേഴ്‌സ് ലൈസന്‍സുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഇനിയുമൊരു അവസരം നല്‍കുമോ എന്നതും വ്യക്തമല്ല. 20000 ത്തിലധികം അപേക്ഷകള്‍ ഇത്തരത്തില്‍ ജില്ലയില്‍ മൊത്തമായി അവശേഷിക്കുന്നുണ്ട്. സംസ്ഥാനത്തു നിന്നും പുറത്തു പോയി ജോലി ചെയ്യേണ്ടവരും വിദേശത്ത് ജോലിക്ക് പോകാനായി കാത്തിരിക്കുന്നവരും ഇതിലുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാറും, മോട്ടോര്‍ വാഹന വകുപ്പും അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് മൂസ്സ പരന്നേക്കാട്, ജില്ലാ സെക്രട്ടറി ഹനീഫ അലിസത്ത്, ദാസന്‍ ഭാരത്, ഹരീഷ് കുമാര്‍, ഫാരിസ് പി, ഷാജഹാന്‍ ബംഗാളത്ത്, നിസാര്‍ ബാവ, സ്വരാജ്, എന്‍ പി എ മജീദ് എന്നിവര്‍ സംസാരിച്ചു