മലപ്പുറം ജില്ലാ കലക്ടറായി വി.ആര്‍. പ്രേംകുമാര്‍ ചുമതലയേറ്റു



കോവിഡ് പ്രതിരോധത്തിന് ഊന്നല്‍ നല്‍കി ജില്ലയെ മികവിലേക്ക് നയിക്കും: ജില്ലാ കലക്ടര്‍

മലപ്പുറം ജില്ലാകലക്ടറായി വി.ആര്‍. പ്രേംകുമാര്‍ ചുമതലയേറ്റു. വെള്ളിയാഴ്ച (2021 സെപ്തംബര്‍ 10) ഉച്ചയ്ക്ക് 12ന് കലക്ടറേറ്റില്‍ എത്തിയ പുതിയ കലക്ടര്‍ സ്ഥാനമൊഴിയുന്ന ജില്ലാകലക്ടര്‍ കെ. ഗോപാലകൃഷ്ണനില്‍ നിന്ന് ചുമതലയേറ്റെടുത്തു. കോവിഡ് പ്രതിരോധത്തിന് ഊന്നല്‍ നല്‍കി വികസന – ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ജില്ലയെ മികവിലേക്ക് നയിക്കുമെന്ന് ജില്ലാ കലക്ടര്‍ വി.ആര്‍. പ്രേംകുമാര്‍ പറഞ്ഞു. കോവിഡ് പ്രതിരോധത്തിന് കൂടുതല്‍ കൃത്യതയാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനത്തിലൂടെ ഉറപ്പാക്കും. വിവധ മേഖലകളില്‍ ജില്ലയുടെ സ്ഥിതി അവലോകനം ചെയ്ത ശേഷമാണ് തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുക. കൂട്ടായ്മയോടെയുള്ള പ്രവര്‍ത്തനത്തിന് ജനങ്ങളുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും പരിപൂര്‍ണ പിന്തുണയും ജില്ലാകലക്ടര്‍ അഭ്യര്‍ഥിച്ചു.

എംപ്ലോയ്മെന്റ് ആന്‍ഡ് ട്രെയിനിങ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടറായി സ്ഥലം മാറിപോകുന്ന മുന്‍ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്നാണ് പുതിയ കലക്ടറെ സ്വീകരിച്ചത്. തുടര്‍ന്ന് ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം ആദ്യ കൂടിക്കാഴ്ച നടത്തി. ജില്ലാ വികസന കമ്മീഷണര്‍ എസ്. പ്രേംകൃഷ്ണന്‍, സബ് കലക്ടര്‍മാരായ ശ്രീധന്യ സുരേഷ്, സൂരജ് ഷാജി, അസിസ്റ്റന്റ് കലക്ടര്‍ സഫ്ന നസിറുദ്ദീന്‍, എ.ഡി.എം എന്‍.എം. മെഹറലി, ഡെപ്യൂട്ടി കലക്ടര്‍മാരായ ഡോ. എം.സി. റജില്‍, കെ. ലത, ജി.എസ്. രോധേഷ്, പി.എന്‍. പുരുഷോത്തമന്‍, ഡോ. ജെ.ഒ. അരുണ്‍, എസ്. ഹരികുമാര്‍ തഹസില്‍ദാര്‍മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

2014 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ് പുതുതായി ചുമതലയേറ്റ വി.ആര്‍. പ്രേംകുമാര്‍. തൊഴില്‍ നൈപുണ്യ വികസന വകുപ്പിന് കീഴിലുള്ള വ്യവസായിക പരിശീലന വകുപ്പിന്റെയും എംപ്ലോയ്മെന്റിന്റെയും ഡയറക്ടര്‍, കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്സലന്റ് മാനേജിങ് ഡയറക്ടര്‍ എന്നീ സ്ഥാനങ്ങളില്‍ നിന്ന് മാറിയാണ് മലപ്പുറം ജില്ലാ കലക്ടറായി എത്തിയത്. പത്തനംതിട്ട അസിസ്റ്റന്റ് കലക്ടറായാണ് സിവില്‍ സര്‍വീസില്‍ പ്രവേശിക്കുന്നത്. ദേവികുളം സബ് കലക്ടര്‍, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി സി.ഇ.ഒ, സര്‍വ്വെ ഡയറക്ടര്‍, സാമൂഹ്യ നീതി വകുപ്പ് ഡയറക്ടര്‍, ഹൗസിങ് കമ്മീഷണര്‍, ഹൗസിങ് ബോര്‍ഡ് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.