അഭിഭാഷകന്‍റെ ഗൗണിൽ വെച്ച് ഫോൺ പൊട്ടിത്തെറിച്ചു
ന്യൂഡൽഹി: അഭിഭാഷകന്‍റെ ഗൗണിൽ നിന്ന് വൺപ്ലസിന്‍റെ നോർഡ് 2മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചതായതി പരാതി. ന്യൂഡൽഹിയിലെ കോടതിയുടെ ചേംബറിൽ വെച്ചാണ് സംഭവം. വിവരങ്ങൾ ട്വിറ്ററിൽ പങ്കുവെച്ച ഉപയോക്താവ് വൺപ്ലസിനെതിരെ നിയമനടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ്.
ഇത് രണ്ടാം തവണയാണ് വൺപ്ലസ് നോർഡ്2 പൊട്ടിത്തെറിക്കുന്നത്. ആഗസ്റ്റിൽ ബംഗളൂരുവിലാണ് ആദ്യ സംഭവം റിപ്പോർട്ട് ചെയ്തത്. ബുധനാഴ്ച രാവിലെ കോടതി ചേംബറിൽ ഇരിക്കുന്ന സമയത്ത് ഗൗണിന്‍റെ പോക്കറ്റ് ചൂടാവാൻ തുടങ്ങിയതോടെയാണ് താൻ ശ്രദ്ധിക്കാൻ തുടങ്ങിയതെന്ന് അഡ്വ. ഗൗരവ് ഗുലാത്തി പറഞ്ഞു. ചൂട് കൂടിയതോടെ മൊബൈൽ ഫോൺ പുറത്തെടുത്തു. ഫോണിൽ നിന്ന് പുക ഉയരുന്നുണ്ടായിരുന്നു.

‘ഞാൻ ഉടനെ ഗൗൺ എറിഞ്ഞു. സഹപ്രവർത്തകർക്കൊപ്പം ഫോണിനടുത്ത് ചെന്നപ്പോൾ പൊട്ടിത്തെറിച്ചു. ചേംബർ മുഴുവൻ പുക കൊണ്ട് നിറഞ്ഞു’- ഗൗരവ് എൻ.ഡി.ടി.വിയോട് പറഞ്ഞു.

ആഗസ്റ്റ് 23നാണ് ഗൗരവ് മൊബൈൽ ഫോൺ വാങ്ങിയത്. സംഭവം നടക്കുന്നതിന് രണ്ടുദിവസം മുമ്പ് മാത്രമാണ് മൊബൈൽ ഉപയോഗിക്കാൻ തുടങ്ങിയത്. തന്‍റെ പഴയ ഫോണിൽ നിന്ന് ഡേറ്റ പോലും മാറ്റിയിരുന്നില്ലെന്ന് ഗൗരവ് പറഞ്ഞു. മൊബൈൽ പൊട്ടിത്തെറിക്കുേമ്പാൾ താൻ ചാർജ് ചെയ്ത് ഉപയോഗിക്കുകയായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പൊട്ടിത്തെറിയിൽ വയറിന് സമീപം പൊള്ളലേറ്റതിന്‍റെ അടിസ്ഥാനത്തിൽ വൺപ്ലസ് എം.ഡിക്കും ആമസോണിനുമെതിരെ കേസ് കൊടുക്കാനുള്ള ഒരുക്കത്തിലാണ് ഗൗരവ്. പൊട്ടിത്തെറി നടന്നതിന് പിന്നാലെ പൊലീസിൽ വിവരമറിയിച്ചതായും മെഡിക്കൽ പരിശോധന നടത്തിയതായും അദ്ദേഹം വിശദീകരിച്ചു.
‘കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വൺപ്ലസ് നോർഡ്2 പൊട്ടിത്തെറിച്ചതായി ഒരു വ്യക്തി ട്വിറ്ററിലൂടെ ഞങ്ങളെ അറിയിച്ചിരുന്നു. ഞങ്ങളുടെ ടീം ഉടൻ തന്നെ ഈ വ്യക്തിയെ അവകാശവാദത്തിന്‍റെ നിയമസാധുത പരിശോധിക്കാൻ എത്തി’ -കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
ഉപകരണം പരിശോധിക്കാനും ഇന്നലെ വ്യക്തിയുടെ സാന്നിധ്യത്തിൽ പരിസരം സന്ദർശിക്കുന്നതിനുമുള്ള അവസരം പരാതിക്കാരൻ നിഷേധിച്ചതായി കമ്പനി അറിയിച്ചു. അത്തരം സാഹചര്യങ്ങളിൽ ഈ പരാതിയുടെ നിയമസാധുത പരിശോധിക്കുകയോ നഷ്ടപരിഹാരത്തിനായുള്ള ആവശ്യങ്ങൾ പരിഹരിക്കുകയോ ചെയ്യുന്നത് അസാധ്യമാണെന്ന് കമ്പനി അറിയിച്ചു.
അവർ തെളിവുകൾ നശിപ്പിക്കുമെന്ന ഭയത്താൽ താൻ മൊബൈൽ ഫോൺ വൺപ്ലസിന്‍റെ ടീം ആവശ്യപ്പെട്ടപ്പോൾ നൽകിയില്ലെന്ന് ഗൗരവ് മാധ്യമങ്ങളോട് പറഞ്ഞു.

അഞ്ച് ദിവസം മാത്രം പഴക്കമുള്ള വൺപ്ലസ് നോർഡ് 2ആയിരുന്നു ബംഗളൂരു സ്വദേശിനിയുടെ ബാഗിൽ വെച്ച് പൊട്ടിത്തെറിച്ചത്. 29,999 രൂപയാണ് ജൂലൈയിൽ വിപണിയിലെത്തിയ വൺപ്ലസ് നോർഡ്2 ന്‍റെ പ്രാരംഭ വില. വൺപ്ലസ് നോർഡിന്‍റെ പരിഷ്കരിച്ച പതിപ്പായ വൺപ്ലസ് നോർഡ് 2 5ജി 4500 എം.എ.എച്ച് ബാറ്ററിയുമായാണ് എത്തിയത്.
മീഡിയടെകിന്‍റെ ഡൈമൻസിറ്റി 5ജി ചിപ്സെറ്റ് സീരീസിലെ പുത്തൻ പോരാളിയായിരിക്കും നോർഡ് 2ന് കരുത്ത് പകരുക. ഡൈമൻസിറ്റി 1200 എന്ന ഏറ്റവും പുതിയ 5ജി പ്രൊസസറാണ് മീഡിയടെക് വൺപ്ലസിന് നൽകുന്നത്.