കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ ചരിത്ര നേട്ടവുമായി മലപ്പുറം ഒരു ദിവസം 87,188 പേര്‍ക്ക് പ്രതിരോധ വാക്‌സിന്‍ നല്‍കി
കോവിഡ് വ്യാപനം പ്രതിസന്ധിയായി തുടരുന്നതിനിടെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മലപ്പുറം ജില്ല ഒരു നാഴിക കല്ലുകൂടി പിന്നിട്ടു. വെള്ളിയാഴ്ച മാത്രം 87,188 പേര്‍ക്ക് ജില്ലയില്‍ പ്രതിരോധ വാക്‌സിന്‍ വിതരണം ചെയ്യാനായി. ഒറ്റദിവസം 87 ലക്ഷത്തിലധികം പേര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കാനായത് ആരോഗ്യ പ്രതിരോധ രംഗത്ത് മികച്ച നേട്ടമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അഭിപ്രായപ്പെട്ടു. 126 സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലൂടെയും 19 സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലൂടെയുമാണ് ഇത്രയും ഡോസ് വാക്‌സിന്‍ നല്‍കിയത്. ഇതില്‍ 70,538 പേര്‍ക്ക് ആദ്യ ഡോസും 16,650 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്.
ജില്ലയിലെ വിവിധ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ വാക്‌സിന്‍ വിതരണത്തില്‍ 100 ശതമാനമെന്ന നേട്ടത്തിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. 60 വയസ് കഴിഞ്ഞവര്‍, ട്രാന്‍സ്ജന്‍ഡര്‍ എന്നീ വിഭാഗങ്ങളിലുള്ളവര്‍ക്കും ആദിമ ഗോത്ര വര്‍ഗ്ഗ ഊരുകളിലുള്ളവര്‍ക്കുമായി അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ആദ്യ ഘട്ട വാക്‌സിന്‍ പൂര്‍ണ്ണമായും ലഭ്യമാക്കി ജില്ല നേരത്തെ ചരിത്രം രചിച്ചിരുന്നു. രണ്ടാം ഘട്ട വാക്‌സിന്‍ വിതരണം മാനദണ്ഡങ്ങള്‍ക്കനുസരിച്ചു പുരോഗമിക്കുകയാണ്.
ചെറിയൊരു വിഭാഗം വാക്‌സിന്‍ സ്വീകരിക്കാതെ മാറി നില്‍ക്കുന്നത് ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നുണ്ട്. ഇത് പരിഹരിക്കാനുള്ള ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. ലഭിക്കുന്ന ആദ്യ അവസരത്തില്‍ തന്നെ വാക്‌സിന്‍ സ്വീകരിച്ച് സുരക്ഷിതരാകാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഓര്‍മ്മിപ്പിച്ചു. കോവിഡ് രോഗം ഗുരുതരമാകാതിരിക്കാനും മരണ നിരക്ക് തടയാനും കോവിഡ് വാക്‌സിനേഷന്‍ ഫലപ്രദമാണെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഓരോ തദ്ദേശ ഭരണ സ്ഥാപന പരിധിയിലും ഒരു ഡോസും ഇതുവരെ സ്വീകരിക്കാത്തവരുടെ കണക്കുകള്‍ ആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ഇവര്‍ക്ക് കൃത്യമായ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ വരുംദിവസങ്ങളില്‍ നല്‍കും.