ഹോട്ടലിൽ നിന്നും ബിരിയാണി കഴിച്ച പെണ്‍കുട്ടി മരിച്ചു; 20 പേര്‍ ആശുപത്രിയില്‍
ചെന്നൈ: തിരുവണ്ണാമലൈ ജില്ലയിലെ ആരണിയില്‍ ഹോട്ടലില്‍നിന്ന് ബിരിയാണി കഴിച്ച പത്തുവയസ്സുകാരി മരിച്ചു. ഭക്ഷണം കഴിച്ച ഇരുപതിലധികം പേരെ ഛര്‍ദിയും വയറിളക്കവും മറ്റ് ശാരീരികാസ്വസ്ഥതകളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരണി പഴയ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള സെവന്‍ സ്റ്റാര്‍ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്.
കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ച ലക്ഷ്മി നഗര്‍ സ്വദേശി ആനന്ദന്റെ മകള്‍ ലോഷിണിയാണ് (10) മരിച്ചത്. ബിരിയാണിയും തന്തൂരി ചിക്കനുമാണ് കഴിച്ചത്. വീട്ടിലെത്തിയപ്പോള്‍ ഛര്‍ദിയും തലകറക്കവുമുണ്ടായി. ഉടന്‍ ആരണി സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കേ മരിച്ചു. ആനന്ദ് (46) ഭാര്യ പ്രിയദര്‍ശിനി (40), മൂത്തമകന്‍ ശരണ്‍ (14) എന്നിവരെ വിദഗ്ധചികിത്സയ്ക്കായി വെല്ലൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച നാല്പതോളം പേര്‍ക്ക് ശാരീരികാസ്വസ്ഥതകളുണ്ടായി. ഇരുപതോളം പേരെ ആരണി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിലര്‍ പ്രാഥമിക ചികിത്സയ്ക്കുശേഷം വീട്ടിലേക്ക് മടങ്ങി.
റവന്യൂ അധികൃതരും പോലീസും ഹോട്ടലില്‍ പരിശോധന നടത്തി. ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ ഭക്ഷണ സാംപിള്‍ പരിശോധനയ്ക്കായി ശേഖരിച്ചു. ഇവിടെനിന്ന് പാചകത്തിനായി സൂക്ഷിച്ചിരുന്ന 15 കിലോ പഴകിയ കോഴിയിറച്ചി പിടിച്ചെടുത്തു.
തുടര്‍ന്ന് ഹോട്ടല്‍ മുദ്രവെച്ചു. ഹോട്ടലുടമ അംജദ് ബാഷ (32), പാചകക്കാരന്‍ മുനിയാണ്ടി(35) എന്നിവരെ ആരണി ടൗണ്‍ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശത്തെ ഹോട്ടലുകളിലെ ഭക്ഷണത്തിന്റെ നിലവാരം അന്വേഷിക്കാന്‍ അധികൃതര്‍ പരിശോധന ഊര്‍ജിതമാക്കി.
സംഭവത്തെത്തുടര്‍ന്ന്, സംസ്ഥാനവ്യാപകമായി ഹോട്ടലുകളില്‍ പരിശോധനകള്‍ വ്യാപകമാക്കാന്‍ ഭക്ഷ്യമന്ത്രി ആര്‍. ചക്രപാണി ഉത്തരവിട്ടു. മോശം ഭക്ഷണം നല്‍കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാനും നിര്‍ദേശിച്ചു.