ചരിത്ര പുരുഷന്മാരെ അവഹേളിക്കുന്ന സമീപനം രാജ്യത്തിനാപത്ത് : കെ. മുരളീധരന്‍ എം പി

മലപ്പുറം : ചരിത്രപുരുഷന്മാരെ അവഹേളിക്കുന്ന സമീപനം രാജ്യത്തിനാപത്താണെന്ന് കെ. മുരളീധരന്‍ എം പി പറഞ്ഞു. മുഹമ്മദ് അബ്ദുറഹിമാന്‍ സ്മാരക ട്രസ്റ്റിന്റെ  നേതൃത്വത്തില്‍ മലപ്പുറത്ത് നടന്ന മലബാര്‍ കലാപം ഒരു പുനര്‍വായന സെമിനാര്‍ ഉദ്ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി   പടപൊരുതിയ ധീര ദേശാഭിമാനികളെ അവഹേളിക്കുന്ന സമീപനം ഏത് കാലത്തും അംഗീകരിക്കപ്പെടുന്നതല്ല. ബ്രിട്ടീഷുകാര്‍ക്കു മുന്നില്‍ നെഞ്ചു വിരിച്ചു നിന്ന് പടപൊരുതിയ ധീര ദേശാഭിമാനികളുടെ പിന്‍ തലമുറക്കിത് അപമാനമാണ്.

ഗാന്ധിജിയെ പോലും വില്ലനാക്കി ഗോഡ്‌സേയെ പുകഴ്ത്തുന്ന സമീപനം രാജ്യത്തിന് ആപത്താണ് വരുത്തി വെക്കുക. സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് അറിയില്ലെങ്കില്‍ പഠിക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്.  രാജ്യം ഭരിക്കുന്നവര്‍ ചരിത്രം മാറ്റിമറിച്ചെഴുതാന്‍ ശ്രമിക്കുന്ന പ്രവണത സമൂഹത്തിന് ആപത്താണ്. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാതെ സമരം ചെയ്തവരെ ഒറ്റിക്കെടുത്തവരെ ധീര നായകന്മാരാക്കി മാറ്റി ചരിത്രത്തെ വളച്ചൊടിക്കുന്നത് സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് ജീവന്‍ വെടിഞ്ഞവരോടുള്ള അവഹേളനമായി മാത്രമേ കാണാന്‍ കഴിയൂ. ബ്രിട്ടീഷുകാര്‍ മതങ്ങളെ തമ്മിലടിപ്പിച്ച് ഭരണം നടത്തുകയായിരുന്നു. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാറും ഇതേ നയമാണ് സ്വീകരിച്ചുവരുന്നതെന്നും കെ മുരളീധരന്‍ തുടര്‍ന്നു പറഞ്ഞു.

ബ്രിട്ടീഷുകാര്‍ക്കെതിരെ സമരം ചെയ്തു എന്ന കാരണത്താലാണ് പല സ്വാതന്ത്ര്യ സമര സേനാനികളെയും അവര്‍ വെടിവെച്ചു കൊന്നത്. സ്വാതന്ത്ര്യസമര സേനാനികളെ വില്ലന്‍മാരായി ചിത്രീകരിക്കുകയും യഥാര്‍ത്ഥ വില്ലന്‍മാരെ നായകന്മാരായി ചിത്രീകരിക്കുകയും ചെയ്യുന്നതിലൂടെ യുവജനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തെറ്റായ സന്ദേശമാണ് നല്‍കാന്‍ ശ്രമം നടത്തുന്നതെന്നും മുരളീധരന്‍ പറഞ്ഞു.
ട്രസ്റ്റ് ചെയര്‍മാന്‍ സി. ഹരിദാസ് അധ്യക്ഷത വഹിച്ചു.  ഡി സി സി പ്രസിഡന്റ്  വി എസ് ജോയ്, വീക്ഷണം മുഹമ്മദ്, ആര്യാടന്‍ ഷൗക്കത്ത്, കെ പി സി സി സെക്രട്ടറി വി എ കരീം സംസാരിച്ചു.  ഡോ. എന്‍ പി ഹാഫിസ് മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.