നിസാമുദ്ദീന്‍ എക്‌സ്പ്രസിലെ കവർച്ച: മോഷ്ടാവിനായി പൊലീസ് തെരച്ചിൽ ആരംഭിച്ചു

തിരുവനന്തപുരം: നിസാമുദ്ദീന്‍-തിരുവനന്തപുരം എക്‌സ്പ്രസില്‍ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി കവര്‍ച്ച നടത്തിയത് കുപ്രസിദ്ധ അന്തർ സംസ്ഥാന മോഷ്ടാവ് അക്‌സര്‍ ബാഗ്‌ഷെയെന്ന് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചു. ഇയാൾ ട്രെയിനിൽ തങ്ങൾ യാത്രചെയ്തിരുന്ന കോച്ചിൽ ഉണ്ടായിരുന്നതായി കവര്‍ച്ചയ്ക്കിരയായ തിരുവല്ല സ്വദേശി വിജയലക്ഷ്മി തിരിച്ചറിഞ്ഞിട്ടുണ്ട്. തമിഴ്‌നാട്ടിലെ ആര്‍ പി എഫ്. ഉദ്യോഗസ്ഥര്‍ അയച്ചുനല്‍കിയ ചിത്രങ്ങളില്‍നിന്നാണ് ഇയാളെ തിരിച്ചറിഞ്ഞത്.

തമിഴ്‌നാട്ടിലെ ഈറോഡ്, സേലം മേഖലകള്‍ കേന്ദ്രീകരിച്ച് ട്രെയിനുകളിൽ കവര്‍ച്ച നടത്തുന്ന ആളാണ് അക്‌സര്‍ ബാഗ്‌ഷെ. ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കുകയാണ് രീതി. ഈറോഡില്‍നിന്നാണ് ഭക്ഷണം വാങ്ങിച്ചതെന്ന് വിജയലക്ഷ്മി പറയുന്നു. വാങ്ങിയ ഭക്ഷണം സീറ്റില്‍വച്ച ശേഷം മകളോടൊപ്പം കൈ കഴുകാന്‍ പോയി. ഈ സമയം പ്രതിയെന്ന് സംശയിക്കുന്നയാള്‍ തൊട്ടപ്പുറത്തെ സീറ്റിലുണ്ടായിരുന്നു. കൈകഴുകി വന്നപ്പോള്‍ ഇയാളെ കണ്ടില്ലെന്നും കോയമ്പത്തൂരിനടുത്ത് വച്ചാണ് മയങ്ങിപ്പോയതെന്നുമാണ് വിജയലക്ഷ്മി പറയുന്നത്. ഇതാേടെ അക്‌സര്‍ ബാഗ്‌ഷെയ്ക്കുവേണ്ടി പൊലീസ് തെരച്ചിൽ ആരംഭിച്ചു.

തിരുവല്ല സ്വദേശികളായ വിജയലക്ഷ്മി, മകൾ അഞ്ജലി, കോയമ്പത്തൂർ സ്വദേശിനി കൗസല്യ എന്നിവരെയാണ് മയക്കി സ്വർണവും ഫോണുകളും കവർന്നത്.തിരുവനന്തപുരത്ത് എത്തിയ ട്രെയിനിൽ ബോധരഹിതരായ നിലയിൽ റെയിൽവേ ജീവനക്കാരാണ് ഇവരെ കണ്ടെത്തിയത്. തുടർന്ന് റെയിൽവേ പൊലീസ് ഇവരെ തൈക്കാട് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.

വിജയ ലക്ഷ്മിടെയും മകളുടേയും കൈവശമുണ്ടായിരുന്ന പത്ത് പവൻ സ്വർണവും രണ്ട് മൊബൈൽ ഫോണുകളുമാണ് സംഘം കവർന്നത്. നിസാമുദ്ദീനിൽ നിന്നും കായംകുളത്തേക്ക് യാത്ര ചെയ്യുകയായിരുന്നു അമ്മയും മകളും.രാവിലെ യാത്രക്കാർ ഇറങ്ങിയ ശേഷം ആർപിഎഫ് നടത്തിയ പരിശോധനയിലാണ് അമ്മയേയും മകളേയും ബോധരഹിതരായ നിലയിൽ കണ്ടെത്തിയത്.

മറ്റൊരു ബോഗിയിലാണ് കൗസല്യയെ കണ്ടെത്തിയത്. ഇവരുടേയും സ്വർണമാണ് കവർന്നത്. കൗസല്യ കോയമ്പത്തൂരിൽ നിന്നും ആലുവയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. കവർച്ചയ്ക്ക് ഇരയായ മൂന്ന് പേരും കോയമ്പത്തൂരിൽ നിന്നും ആഹാരം വാങ്ങിയിരുന്നു.