ഡ്യൂറന്റ് കപ്പ്; മലയാളിതാരം നെമിൽ മുഹമ്മദിന്റെ ഗോളിൽ എഫ്.സി. ഗോവ ക്വാര്‍ട്ടറില്‍
കൊല്‍ക്കത്ത: ഐ.എസ്.എല്‍ ടീം എഫ്.സി. ഗോവ ഡ്യൂറന്റ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍. ഐ-ലീഗ് ക്ലബ്ബ് സുദേവ എഫ്.സിയെ ഒന്നിനെതിരേ രണ്ടു ഗോളിന് തോല്‍പ്പിച്ചാണ് എഫ്.സി ഗോവ അവസാന എട്ടിലെത്തിയത്.

മലയാളി താരം നെമില്‍ മുഹമ്മദും സ്പാനിഷ് താരം ജോര്‍ജ് ഓര്‍ടിസും ഗോവയ്ക്കായി ലക്ഷ്യം കണ്ടു. പെനാല്‍റ്റിയിലൂടെ വില്ല്യം സുദേവയ്ക്കായി ലക്ഷ്യം കണ്ടു.

ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു നെമിലിന്റെ ഗോള്‍. പെനാല്‍റ്റി ബോക്‌സിന് പുറത്തുനിന്ന് പന്ത് സ്വീകരിച്ച് ഒരു ലോങ് റേഞ്ചറിലൂടെ മലയാളി താരം വല ചലിപ്പിച്ചു. രണ്ടാം പകുതിയില്‍ ഓര്‍ടിസ് ഗോവയുടെ ലീഡ് ഇരട്ടിയാക്കി. മത്സരത്തിന്റെ അവസാന മിനിറ്റിലായിരുന്നു സുദേവയുടെ ഗോള്‍.

തുടര്‍ച്ചയായ രണ്ടാം വിജയത്തോടെയാണ് ഗോവയുടെ ക്വാര്‍ട്ടര്‍ പ്രവേശനം. ആദ്യ മത്സരത്തില്‍ ആര്‍മി ഗ്രീനിനെ തോല്‍പ്പിച്ചിരുന്നു. അതേ സമയം കളിച്ച രണ്ട് മത്സരങ്ങളിലും തോറ്റ സുദേവ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. ഗോവയെ കൂടാതെ മുഹമ്മദന്‍ സ്‌പോര്‍ടിങ് ക്ലബ്ബ്, ബെംഗളൂരു യുണൈറ്റഡ് എന്നീ ടീമുകളും ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്.