രാജ്യത്തെ കൊവിഡ് കേസുകളിൽ നാലിൽ മൂന്നും കേരളത്തിൽ
ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് രോഗബാധിതരിൽ 75 ശതമാനവും കേരളത്തിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിൽ 24 മണിക്കൂറിനിടെ 27,254 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 20,240 കേസുകളും കേരളത്തിലാണ്. 219 മരണങ്ങളും സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണമടഞ്ഞവർ 4,42,874 ആയി. 37,687 പേർ 24 മണിക്കൂറിനിടെ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തി നേടിയവർ 3.24 കോടിയായി. 97.54 ശതമാനമാണ് രോഗമുക്തി നിരക്ക്.

രാജ്യത്ത് കൊവിഡ് കണക്കിൽ മുന്നിലുളള അഞ്ച് സംസ്ഥാനങ്ങളിലാണ് 90 ശതമാനം കൊവിഡ് രോഗികളും. കേരളം (20,240), തമിഴ്‌നാട് (1608), ആന്ധ്രാ പ്രദേശ്(1190),കർണാടക (803), പശ്ചിമ ബംഗാൾ(751). 74.38 കോടി ഡോസ് വാക്‌സിനാണ് ഇതുവരെ രാജ്യത്ത് വിതരണം ചെയ്‌തത്. 24 മണിക്കൂറിനിടെ 53.38 ലക്ഷം ഡോസ് വാക്‌സിനാണ് നൽകിയത്. രാജ്യത്തെ കൊവിഡ് ആക്‌ടീവ് കേസുകൾ 3,74,269 ആണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.