കടലിൽകുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട യുവാവിനെ നാട്ടുകാർ രക്ഷപ്പെടുത്തി


കൂട്ടായി: കൂട്ടായി പള്ളിവളപ്പിൽ കടലിൽ നീന്തിക്കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട യുവാവിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി. പള്ളിവളപ്പ് സ്വദേശി മരക്കാരാക്കാനാകത്ത് ഉനൈസിനെ (21)യാണ് കൂട്ടുകാരും മത്സ്യത്തൊഴിലാളികളായ നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തിയത്. വൈകീട്ട് ഫുട്‍ബോൾ കളികഴിഞ്ഞു കടലിൽ കുളിക്കാനിറങ്ങിയതായിരുന്നു ഉനൈസും കൂട്ടുകാരും. കടലിൽ നീന്തുന്നതിനിടെ അടിയൊഴുക്കിൽപെട്ട ഉനൈസ് 100 മീറ്ററിലധികം കടലിലേക്ക് പോകുകയായിരുന്നു.

ഒരുമിച്ചുണ്ടായിരുന്ന കൂട്ടുകാർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ശക്തമായ ഒഴുക്കിനെതുടർന്ന് നീന്തി അടുത്തെത്താനായില്ല. തുടർന്ന് മൽസ്യത്തൊഴിലാളികൾ വഞ്ചി ഇറക്കി പോകാൻ ശ്രമിച്ചെങ്കിലും കടൽ പ്രക്ഷുബ്ധമായതും വഞ്ചികൾക്ക് എഞ്ചിൻ ഇല്ലാത്തതും തിരിച്ചടിയായി. ഇതിനിടെ വാടിക്കൽ സ്വദേശി തൗഫീഖ് ഉനൈസിനടുത്തേക്ക് സാഹസികമായി നീന്തി എത്തുകയും ഒഴുക്ക് കുറഞ്ഞ ഭാഗം തിരഞ്ഞു പിടിച്ചു കരയിലെത്തിക്കുകയുമായിരുന്നു.

ഇതോടെയാണ് ഒരുമണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനവുമായി സജീവമായുണ്ടായിരുന്ന നാട്ടുകാർക്ക് ആശ്വാസമായത്. ഉനൈസിനെ കരക്കെത്തിക്കുന്നതിനിടെ സംഭവമറിഞ്ഞെത്തിയ പൊലീസ് വാഹനത്തിൽ യുവാവിനെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.