പാക്കിസ്ഥാനിൽ പരിശീലനം നേടിയവരടക്കം ആറ് ഭീകരരെ പിടികൂടി: വൻ ആയുധ ശേഖരം കണ്ടെടുത്തു
ദില്ലി: രാജ്യതലസ്ഥാനമായ ദില്ലിയിൽ അടക്കം സ്ഫോടനങ്ങൾക്ക് പദ്ധതിയിട്ട ഭീകരർ അറസ്റ്റിൽ. പാകിസ്താനിൽ നിന്ന് പരിശീലനം നേടിയ രണ്ട് ഭീകരർ ഉൾപ്പെടെ 6 പേരാണ് പിടിയിലായത്. ദില്ലി പൊലീസ് സ്പെഷ്യൽ സെല്ലാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്നും വൻ ആയുധശേഖരവും കണ്ടെെത്തിയതായി പൊലീസ് അറിയിച്ചു.

രാജ്യത്തെ പ്രധാനനഗരങ്ങളിലെ സ്ഥലങ്ങൾ കണ്ടെത്തി സ്ഫോടനങ്ങൾ നടത്താൻ ഭീകരർ ലക്ഷ്യമിട്ടിരുന്നുവെന്ന് ദില്ലി പൊലീസ് അറിയിച്ചു. രാജ്യം ഉത്സവസീസണിലേക്ക് കടക്കാനിരിക്കേയാണ് ആറ് ഭീകരർ പിടിയിലാകുന്നത്. ദില്ലി, ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നാണ് അറസ്റ്റ്. ഈ സംസ്ഥാനങ്ങളിലെ പൊലീസുമായി സംയുക്തമായിരുന്നു ഓപ്പറേഷൻ. ദില്ലി ജാമിയ നഗർ സ്വദേശി ഒസാമ, മുംബൈ സ്വദേശി മൊഹമ്മദ് ഷെയിഖ്, യുപി സ്വദേശികളായ മൂൽചന്ദ്, ഷീഷാൻ, അബൂബക്കർ, ജാവേദ് എന്നിവരാണ് പിടിയിലായത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഫോടനം നടത്താനും ആക്രമണങ്ങള്‍ നടത്താനും ലക്ഷ്യമിട്ടിരുന്നതായി സ്പെഷ്യൽ സെൽ പറയുന്നത്.ഇതിൽ ഒസാമ, ജാവേദ് എന്നിവർ മസ്ക്കറ്റ് വഴി പാക്കിസ്ഥാനിൽ എത്തിയ പരിശീലനം നേടിയെന്നും പൊലീസ് ആരോപിക്കുന്നു. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹീമിന്റെ സഹോദരൻ അനീസുമായി ഇവർക്ക് ബന്ധമുണ്ടെന്നും പൊലീസ് പറയുന്നു.

ആർഡിഎക്സ് അടക്കം സ്ഫോടക വസ്തുക്കളും ബോംബ് നിർമ്മാണത്തിനുള്ള സാധനങ്ങളും കണ്ടെത്തിയിട്ടുണ്ട്. പാക് ചാരസംഘടനയായ ഐഎസ്ഐ ആക്രമണം നടത്താൻ ഇവർക്ക് പണം എത്തിച്ചതിന്റെ തെളിവുകൾ ലഭിച്ചതായി പൊലീസ് അറിയിച്ചു. ഇവരുടെ സംഘത്തിൽപ്പെട്ട കൂടുതൽ പേർക്കായി തെരച്ചിൽ തുടരുകയാണ്.