കടലിൽ രക്ഷകനായ തൗഫീഖിന്റെ ധീരതക്ക് ആദരം
കൂട്ടായി: ബുധനാഴ്ച്ച വൈകീട്ട് കൂട്ടായി പള്ളിവളപ്പിൽ കൂട്ടുകാരോടൊത്ത് കടലിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽ പെട്ട പള്ളിവളപ്പ് മരക്കാരാക്കാനകത്ത് ഉനൈസിനെ ജീവൻ പണയപ്പെടുത്തി രക്ഷപ്പെടുത്തിയ കൂട്ടായി വാടിക്കൽ സാൽമിക്കാനകത്ത് അബൂബക്കർ റംല ദമ്പതികളുടെ മകൻ തൗഫീഖിനെ എന്റെ കുട്ടായി കൂട്ടായ്മ ആദരിച്ചു.കമ്മറ്റി പ്രസിഡന്റ് ടി.ബി.ആർ കൂട്ടായി പൊന്നാട അണിയിച്ച് കൊണ്ടാണ് ആദരിച്ചത്.

സെക്രട്ടറി അലാവുദ്ധീൻ മാസ്റ്റർ കാശ് പ്രൈസ് വിതരണം നിർവ്വഹിച്ചു.
ഫുട്ബോൾ കളിച്ചു കൊണ്ടിരിക്കേയാണ് കൂട്ടുകാരൻ ഉനൈസ് ഒഴുക്കിൽ പെട്ട വിവരം അറിഞ്ഞതെന്നും കടൽ ഏറെ അപകടകരമായ അവസ്ഥയിലായിട്ടും കൂട്ടുകാരന്റെ ജീവന് വേണ്ടിയുള്ള കരച്ചിൽ ഓർത്തപ്പോൾ മറ്റൊന്നും ആലോചിച്ചില്ലന്നും പതിനെട്ട് വയസ്സ്കാരനായ തൗഫീഖ് പറഞ്ഞു.ഒമ്പതാംക്ലാസ് പഠന കാലത്ത് സമീപത്തെ പുഴയിൽ മുങ്ങിതാണുകൊണ്ടിരുന്ന കുട്ടിയെ അതിസാഹസികമായി തൗഫീഖ് ജീവിതത്തിലേക്ക് കൈ പിടിച്ചുയർത്തിയിരുന്നു.

ജീവൻ രക്ഷാപ്രവർത്തനത്തിലേർപ്പെട്ട തൗഫീഖിനെ നേരിൽ കണ്ട് അഭിനന്ദിക്കാനും ആദരിക്കാനും ആളുകളുടെ പ്രവാഹമാണ്.
ആദരിക്കൽ ചടങ്ങിന് ടി.ബി.ആർ കൂട്ടായി അലാവുദ്ധീൻ മാസ്റ്റർ അബൂബക്കർ ബി.എസ്.എൻ.എൽ അൻവർ സാദത്ത് എസ് പി മുജീബ് പി കെ. അബൂബക്കർ സിദ്ധീഖ് ടി. എന്നിവർ നേതൃത്വം നൽകി.