കേസിൽ നിന്ന് പിന്മാറിയില്ലെങ്കിൽ വിസ്മയയുടെ സഹോദരനെ കൊല്ലും
കൊല്ലം: ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത ആയുർവേദ മെഡിക്കൽ വിദ്യാർത്ഥിനി വിസ്മയയുടെ കുടുംബത്തിന് ഭീഷണി. കേസിൽ നിന്ന് പിന്മാറണമെന്നും, ഇല്ലെങ്കിൽ വിസ്മയയുടെ സഹോദരനെ വധിക്കുമെന്നുമാണ് ഭീഷണിക്കത്തിലുള്ളത്.

വിസ്മയയുടെ അച്ഛൻ ത്രിവിക്രമൻ നായർ കത്ത് ചടയമംഗലം പൊലീസിന് കൈമാറി. പൊലീസ് തുടർനടപടികൾക്കായി കത്ത് കോടതിയിൽ സമർപ്പിച്ചു. കത്തെഴുതിയത് കേസിലെ പ്രതിയായ കിരൺ കുമാർ ആകാൻ സാദ്ധ്യതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.കഴിഞ്ഞ ജൂൺ 21നാണ് കൊല്ലം ശൂരനാട്ടുളള ഭർത്താവ് കിരണിന്റെ വീട്ടിൽ വിസ്മയയെ മരിച്ചനിലയിൽ കണ്ടെത്തിയത്.

സ്ത്രീധനമായി നൽകിയ 10 ലക്ഷം രൂപയുടെ കാർ ഇഷ്ടമല്ലാതെ വന്നതോടെ വിസ്മയയെ നിരന്തരം കിരൺ ഉപദ്രവിച്ചിരുന്നു. ഈ മനോവിഷമത്തിലാണ് വിസ്മയ തൂങ്ങിമരിച്ചതെന്ന് കാണിച്ച് മാതാപിതാക്കൾ പരാതി നൽകുകയായിരുന്നു.മോട്ടോർ വാഹന വകുപ്പിൽ അസിസ്റ്റന്റ് മോട്ടോർ വാഹന ഇൻസ്പെക്ടറായിരുന്ന കിരണിനെ അറസ്റ്റ് ചെയ്യുകയും, ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു.