പെട്രോളിയം ഉത്പന്നങ്ങളെ ഉൾപ്പെടുത്തിയില്ല, ജീവൻ രക്ഷാ മരുന്നിന് ജി.എസ്.ടി കുറച്ചു

കാൻസ‌ർ, മസ്‌കുലാർ അട്രോഫി മരുന്ന് വില കുറയും

ന്യൂഡൽഹി: കാൻസർ ചികിത്സാ മരുന്നുകളുടെ ജി.എസ്.ടി 12ൽ നിന്ന് അഞ്ചു ശതമാനമായി കുറയ്‌ക്കാനും കൊവിഡ് മരുന്നുകൾക്ക് ടാക്സ് ഒഴിവാക്കിയതും കുറച്ചതും ഡിസംബർ 31വരെ നീട്ടാനും ഇന്നലെ ലക്നൗവിൽ ചേർന്ന 45-ാം ജി.എസ്.ടി കൗൺസിൽ യോഗത്തിൽ തീരുമാനം. അതേസമയം പൊതുജനം ഉറ്റുനോക്കിയ, പെട്രോളിയം ഉത്പന്നങ്ങൾ ജി.എസ്.ടിയിൽ ഉൾപ്പെടുത്തി വില കുറയ്ക്കുന്നതിൽ തീരുമാനമെടുത്തില്ല.

ജനിതക രോഗങ്ങളായ സ്‌പൈനൽ മസ്‌കുലാർ അട്രോഫിക്കുള്ള സോൾജൻസ്‌മയുടെയും (വില 16കോടി) ഡ്യൂഷെന്നെ മസ്‌കുലാർ ഡിസ്ട്രോഫിക്കുള്ള വിൽറ്റെപ്‌സോയുടെയും ഐ.ജി.എസ്.ടി ഒഴിവാക്കിയതാണ് മറ്റൊരു ആശ്വാസ നടപടി.

കൊവിഡ് മൂലം ഓൺലൈനിൽ നടത്തിയിരുന്ന ജി.എസ്.ടി കൗൺസിൽ 20 മാസത്തിന് ശേഷമാണ് നേരിട്ട് സമ്മേളിച്ചത്. ധനമന്ത്രി കെ.എൻ. ബാലഗോപാലും പങ്കെടുത്തു.

കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആംഫോടെറിസിൻ ബി, ടോസിലിസുമാബ് എന്നിവയ്‌ക്ക് ജി.എസ്.ടി ഒഴിവാക്കിയതും ഹെപ്പാരിൻ, റെംഡിസിവിർ എന്നിവയ്‌ക്ക് 12ൽ നിന്ന് അഞ്ചുശതമാനമാക്കിയതും ഡിസംബർ 31വരെ നീട്ടി. ഇറ്റോളിസുമാബ്, പോസാകോണാസോൾ, ഇൻഫ്ളിക്സിമാബ്, ബാംലാനിവിമാബ്, എറ്റെസെവിമാബ്, കാസിരിവിമാബ്, ഇംഡെവിമാബ്, ഫാവിപിരാവിർ ഡി.ആർ.ഡി.ഒ വികസിപ്പിച്ച 2 ഡിയോക്‌സി ഡി ഗ്ളൂക്കോസ് എന്നിവയുടെ ജി.എസ്.ടിയും ഡിസംബർ 31വരെ 5 ശതമാനമായിരിക്കും.

കേരളമടക്കം സംസ്ഥാനങ്ങളുടെ എതിർപ്പിനെ തുടർന്ന് പെട്രോളും ഡീസലും ഇപ്പോൾ ജി.എസ്.ടി പരിധിയിൽ കൊണ്ടുവരേണ്ടതില്ലെന്ന് തീരുമാനിച്ചതായി പത്രസമ്മേളനത്തിൽ ധനമന്ത്രി നിർമ്മലാ സീതാരാമൻ പറഞ്ഞു. പെട്രോളിയം ഉത്പന്നങ്ങൾ ഇന്നലെ മാത്രമാണ് ജി.എസ്.ടി കൗൺസിലിന്റെ അജൻഡയിൽ ഉൾപ്പെടുത്തിയത്. കേരള ഹൈക്കോടതി നിർദ്ദേശപ്രകാരമായിരുന്നു ഇത്. വിഷയം ചർച്ച ചെയ്‌തപ്പോൾ ജി.എസ്.ടിയുടെ പരിധിയിൽ കൊണ്ടുവരാനുള്ള സാഹചര്യമില്ലെന്ന് അഭിപ്രായമുയർന്നു. ഇക്കാര്യം ഹൈക്കോടതിയെ രേഖാമൂലം അറിയിക്കും.

പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്കൊപ്പം ബി.ജെ.പി ഭരിക്കുന്ന ഉത്തർപ്രദേശ്, ത്രിപുര സംസ്ഥാനങ്ങളും പെട്രോളിയം ഉത്പന്നങ്ങൾക്ക് ജി.എസ്.ടി ഏർപ്പെടുത്തുന്നതിനെ എതിർത്തു.

സംസ്ഥാനങ്ങൾക്കുള്ള നഷ്‌ടപരിഹാരം 2022 കഴിഞ്ഞും തുടരണമോ എന്ന് തീരുമാനിക്കാൻ മന്ത്രിതല സമിതിയെ ചുമതലപ്പെടുത്തി.

ഭക്ഷ്യവിതരണ ആപ്പുകൾക്കും ജി.എസ്.ടി

സൊമാറ്റോ, സ്വിഗി തുടങ്ങിയ ഭക്ഷ്യ വിതരണ ആപ്പുകളുടെ സേവനങ്ങൾക്കും ജി.എസ്.ടി ഏർപ്പെടുത്തും. ഹോട്ടലിൽ ഭക്ഷണം കഴിക്കുമ്പോൾ നൽകുമ്പോഴുള്ള നികുതി ഭക്ഷണം ഡെലിവറി നൽകുന്ന സ്ഥലത്ത് ഈടാക്കുക മാത്രമാണെന്നാണ് വിശദീകരണം. അടുത്ത ജനുവരി മുതൽ നടപ്പാകും.

ജി.എസ്.ടി 5%

ഡീസലുമായി കലർത്താനുള്ള ബയോ ഡീസൽ

പോഷകമൂല്യം ചേർത്ത് പൊടി​ക്കുന്ന​ ​അ​രി

ഭിന്നശേഷിക്കാർക്കുള്ള വാഹനങ്ങളുടെ കിറ്റ്

ഒഴിവാക്കി

ചരക്ക് നീക്കത്തിന് സംസ്ഥാനങ്ങൾ ചുമത്തുന്ന നാഷണൽ പെർമിറ്റ് ഫീക്ക് ജി.എസ്.ടി ഒഴിവാക്കി

കൂട്ടി

പേനകൾക്ക് 12ൽ നിന്ന് 18 ശതമാനം

മാറ്റം വരുത്തിയുണ്ടാക്കുന്ന വസ്‌തുക്കൾക്ക് 12%

ഇരുമ്പ്, ചെമ്പ്, അലൂമിനിയം,സിങ്ക് 5ൽ നിന്ന് 18%

പായ്‌ക്കിംഗ് സാമഗ്രികൾ 12ൽ നിന്ന് 18%

പ്ളാസ്‌റ്റിക്, പോളിയൂറെത്തീൻ മാലിന്യം 5ൽ നിന്ന് 18%

കാർഡ്, കാറ്റലോഗ്, അച്ചടി വസ്‌തുക്കൾ 12ൽ നിന്ന് 18%

ലോക്കോമോട്ടീവ്‌ പാർട്സ് 12 നിന്ന് 18%