ലോകപ്രശസ്ത മലയാളി ഭൗതികശാസ്ത്രജ്ഞന്‍ താണു പത്മനാഭന്‍ അന്തരിച്ചു
പൂനെ: ലോകപ്രശസ്തനായ ഭൗതിക ശാസ്ത്രജ്ഞന്‍ പ്രൊഫ. താണു പത്മനാഭന്‍ അന്തരിച്ചു. 64 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നു രാവിലെ പൂനെയിലെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിരുവനന്തപുരം സ്വദേശിയാണ്. രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. സൈദ്ധാന്തിക ഭൗതികശാസ്ത്ര മേഖലയിലെ ആജീവനാന്ത ഗവേഷണ നേട്ടത്തിന് സംസ്ഥാന സര്‍ക്കാരിന്റെ ഉയര്‍ന്ന ശാസ്ത്ര ബഹുമതിയായ കേരള ശാസ്ത്ര പുരസ്‌കാരം ഈ വര്‍ഷം പ്രൊഫ. താണു പത്മനാഭന് ലഭിച്ചിരുന്നു.
പൂനെ ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ അസ്‌ട്രോണമി ആന്‍ഡ് ആസ്‌ട്രോഫിസിക്സിലെ അക്കാദമിക് വിഭാഗം ഡീനായിരുന്നു. അവിടെ തന്നെ ഡിസ്റ്റിംഗ്വിഷ്ഡ് പ്രൊഫസറായി സേവനം അനുഷ്ഠിക്കുകയായിരുന്നു. എമര്‍ജന്റ് ഗ്രാവിറ്റിയില്‍ താപഗതികത്തെ അടിസ്ഥാനമാക്കി സാമാന്യ ആപേക്ഷികസിദ്ധാന്തത്തെ കൂടുതല്‍ വികസിപ്പിച്ചതാണ് താണു പത്മനാഭന്റെ ഏറ്റവും പ്രധാന സംഭാവന.
1957 ല്‍ തിരുവനന്തപുരത്താണ് അദ്ദേഹം ജനിച്ചത്. യൂണിവേഴിസിറ്റി കോളജില്‍നിന്നും സ്വര്‍ണമെഡലോടെ ബിഎസ്‌സി, എംഎസ്‌സി ബിരുദങ്ങള്‍ നേടി. മുംബയിലെ ഡി ഐ എഫ് ആറിൽ നിന്ന് പി എച്ച് ഡി നേടി. സ്വിറ്റ്‌സര്‍ലൻഡിലെ പ്രസിദ്ധ കണികാ ഭൗതിക ഗവേഷണ കേന്ദ്രമായ സേണ്‍, ന്യൂ കാസില്‍ സര്‍വകലാശാല, ലണ്ടനിലെ ഇംപീരിയല്‍ കോളേജ്, കാള്‍ടെക്, പ്രിന്‍സ്ടണ്‍, കേംബ്രിഡ്ജ് സര്‍വകലാശാലകളില്‍ വിസിറ്റിംഗ് പ്രൊഫസറായിരുന്നു. ഭാര്യ: ഡോ. വാസന്തി പത്മനാഭന്‍. മകള്‍: ഹംസ പത്മനാഭന്‍.