നിലമ്പൂർ-ഷൊർണൂർ പാതയിൽ പകൽ ട്രെയിനില്ല; യാത്രക്കാര്‍ക്ക് ദുരിതം
മലപ്പുറം: നിലമ്പൂർ-ഷൊർണൂർ പാതയിൽ പകൽ സമയങ്ങളിലെ ട്രെയിൻ സർവീസ് പുനരാരംഭിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ആദ്യ ലോക്ക് ഡൗണിനെ തുടർന്ന് നിർത്തിവെച്ച പകൽ സമയങ്ങളിലെ സർവീസ് ആണ് ഒരു വർഷം പിന്നിട്ടിട്ടും സതേൺ റെയിൽവേ പുനരാരംഭിക്കാത്തത്.

ഇതിനെതിരെയാണ് ഇപ്പോൾ പ്രദേശവാസികളും യാത്രക്കാരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്.നിലമ്പൂരിൽ നിന്ന് രാത്രിയിൽ പുറപ്പെടുന്ന ഏക ട്രെയിനായ നിലമ്പൂർ-കൊച്ചുവേളി രാജ്യറാണി സ്പെഷ്യൽ ട്രെയിൻ മാത്രമാണ് നിലവിൽ നിലമ്പൂർ-ഷൊർണൂർ പാതയിൽ സർവീസ് നടത്തുന്നത്.

പകൽ സമയങ്ങളിലുള്ള മറ്റു ട്രെയിനുകളാണ് ഒരു വർഷക്കാലമായി സർവീസ് നിർത്തിവെച്ചിരിക്കുന്നത്. മലപ്പുറം ജില്ലയിലെ പ്രധാന മലയോര മേഖലയായ നിലമ്പൂരിലെയും പരിസര പ്രദേശങ്ങളിലെയും യാത്രക്കാർ തിരുവനന്തപുരം ആർസിസി ഉൾപ്പെടെയുള്ള ആശുപത്രികളിൽ പോകാൻ നിലമ്പൂരിൽ നിന്നുള്ള ട്രെയിൻ സർവീസുകളെയായിരുന്നു ആശ്രയിച്ചിരുന്നത്. നിലമ്പൂരിലും പരിസരപ്രദേശങ്ങളിലുമുള്ള ദീർഘദൂര യാത്രക്കാരെയാണ് റെയിൽവേ നടപടി വലിയ ദുരിതത്തിലാക്കിയിരിക്കുന്നത്.