സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പർ നറുക്കെടുപ്പ് ഇന്ന്
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ ഈ വർഷത്തെ തിരുവോണം ബമ്പർ നറുക്കെടുപ്പ് ഇന്ന്സെപ്റ്റംബർ 19 ഞാറാഴ്ച്ച നടക്കും. തിരുവനന്തപുരം ഗോർഖീഭവനിൽ ഉച്ചയ്ക്ക് രണ്ടിന് ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്യും. ഗതാഗത മന്ത്രി ആന്‍റണി രാജു അദ്ധ്യക്ഷനായിരിക്കും.
ചടങ്ങിൽ പൂജാ ബമ്പർ ഭാഗ്യക്കുറിയുടെ പ്രകാശനം ധനകാര്യ മന്ത്രി ലോട്ടറി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.ആർ ജയപ്രകാശിന് നൽകി നിർവഹിക്കും. വകുപ്പ് ഡയറക്ടർ ഡോ.അദീല അബ്ദുള്ള, വാർഡ് കൗൺസിലർ പാളയം രാജൻ തുടങ്ങിയവർ സംബന്ധിക്കും.
12 കോടി രൂപയാണ് തിരുവോണം ബമ്പർ 2021 ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായി നൽകുന്നത്. 300 രൂപയാണ് ടിക്കറ്റ് വില. രണ്ടാം സമ്മാനമായി ആറ് പേർക്ക് ഓരോ കോടി രൂപ വീതം ലഭിക്കും. മൂന്നാം സമ്മാനം 12 പേർക്ക് 10 ലക്ഷം രൂപ വീതമാണ്. അഞ്ച് ലക്ഷം വീതം 12 പേർക്ക്, ഒരു ലക്ഷം വീതം 108 പേർക്ക്, 5000, 3000, 2000, 1000 രൂപയുടെ നിരവധി സമ്മാനങ്ങൾ ഉൾപ്പെടെ 54,07,00,000 രൂപ സമ്മാനമായും 6,48,84,000 രൂപ ഏജന്‍റ് പ്രൈസായും വിതരണം ചെയ്യും.
മുൻ വർഷം തിരുവോണം ബമ്പർ 44 ലക്ഷം ടിക്കറ്റുകൾ വിറ്റഴിക്കുകയും 103 കോടി രൂപ മൊത്തം വരുമാനം നേടുകയും ചെയ്തു. ഇതിൽ 23 കോടി രൂപ ലാഭമായും ലഭിച്ചു.രൂക്ഷമായ കോവിഡ് പ്രതിസന്ധി സാഹചര്യത്തിലും അച്ചടിച്ച മുഴുവൻ ടിക്കറ്റുകളും വകുപ്പിന് വിറ്റഴിക്കാൻ സാധിച്ചു. ഈ വർഷം 54 ലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ച വകയിൽ 126,56,52,000 രൂപയുടെ വരുമാനം ലഭിച്ചു. ഇതിൽ മൊത്തം 30,54,98,504 രൂപ ലാഭമാണ്.