കരിപ്പൂർ വിമാനത്താവളത്തിലെ മയക്കുമരുന്ന് വേട്ടയിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

മലപ്പുറം: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം വന്‍ ലഹരിമരുന്ന് പിടികൂടിയ സംഭവത്തില്‍ കൂടുതല്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത് വരുന്നു. അന്താരാഷ്ട്ര വിപണിയില്‍ 32 കോടി വിലമതിക്കുന്ന ഹെറോയിനാണ് ആഫ്രിക്കന്‍ വനിതയില്‍ നിന്നും പിടികൂടിയത്. അന്താരാഷ്ട്ര മയക്കുമരുന്ന് സംഘമാണ് ലഹരിക്കടത്തിന് പിന്നിലെന്നാണ് വിവരം.

മീബിയ സ്വദേശിനിയായ 41 കാരി സോക്കോ ബിഷാല ജൊഹനാസ്ബര്‍ഗില്‍ നിന്നുമാണ് വന്നത്. ഖത്തര്‍ എയര്‍വേസ് വിമാനത്തില്‍ പുലര്‍ച്ചെ 2.15 നാണ് ഇവര്‍ കരിപ്പൂരിലെത്തിയത്. ബിഷാലയുടെ ട്രോളി ബാഗിനടിയില്‍ ഒട്ടിച്ചു വച്ച നിലയിലായിരുന്നു അഞ്ച് കിലോഗ്രാം ഹെറോയിന്‍ സൂക്ഷിച്ചിരുന്നത്. ഹെറോയിന് ഏറ്റുവാങ്ങാന്‍ വിമാനത്താവളത്തില്‍ ആളെത്തുമെന്നായിരുന്നു ഇവര്‍ക്ക് കിട്ടിയ നിര്‍ദേശം. ഇവര്‍ പ്രൊഫഷണല്‍ മയക്കുമരുന്ന് കാരിയറാണെന്ന് ഡിആര്‍ ഐ അറിയിച്ചു. കോഴിക്കോട് ഡിആര്‍ഐ ടീം സോക്കോ ബിഷാലയെ ഇന്നലെ രാത്രി കോടതിയില്‍ ഹാജരാക്കി. കോടതി ജയിലിലേക്ക് മാറ്റി.

അന്വേഷണ സംഘം ഇവരോട് വിവരങ്ങള്‍ ചോദിച്ചറിയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇവര്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല. സംഘത്തിലെ മറ്റ് കണ്ണികളെ കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്ന്. ആരാണ് വിമാനത്താവളത്തില്‍ ഇവരില്‍ നിന്നും മയക്കുമരുന്ന് വാങ്ങാനായി എത്താനിരുന്നത് എന്നതിലും അന്വേഷണം നടക്കുന്നുണ്ട്.കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടന്ന ഏറ്റവും വലിയ ലഹരി വേട്ടയാണ് ഇന്നലെയുണ്ടായത്. ഗുജറാത്ത് അടക്കമുള്ള രാജ്യത്ത് മറ്റിടങ്ങളില്‍ നടന്ന ലഹരി വേട്ടകളുമായി ഇതിന് ബന്ധമില്ലെന്നും മയക്കുമരുന്ന് സംഘത്തിന്റെ അഫ്ഗാന്‍ ബന്ധം സ്ഥിരീകരിച്ചിട്ടില്ലെന്നുമാണ് ഡിആര്‍ഐ അന്വേഷണ സംഘം അറിയിക്കുന്നത്.