പി.വി. അന്‍വറിന്റെ ഭാര്യാപിതാവിന്റെ റോപ്‌വേ പൊളിക്കണം: ഓംബുഡ്‌സ്മാന്‍

നിലമ്പൂര്‍: റെസ്‌റ്റോറന്റിനുള്ള അനുമതിയുടെ മറവില്‍ ചീങ്കണ്ണിപ്പാലിയിലെ വിവാദ തടയണയ്‌ക്കു കുറുകെ പി.വി. അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവ്‌ നിയമവിരുദ്ധമായി കെട്ടിയ റോപ്‌ വേ പൊളിച്ചുനീക്കാന്‍ തദ്ദേശ സ്വയംഭരണസ്‌ഥാപനങ്ങളുടെ ഓംബുഡ്‌സ്മാന്‍ ജസ്‌റ്റിസ്‌ പി.എസ്‌. ഗോപിനാഥന്‍ ഉത്തരവിട്ടു. പൊളിച്ചുനീക്കി നടപടിക്രമങ്ങള്‍ നവംബര്‍ 30ന്‌ റിപ്പോര്‍ട്ട്‌ ചെയ്യാനാണ്‌ ഊര്‍ങ്ങാട്ടിരി പഞ്ചായത്ത്‌ സെക്രട്ടറിക്ക്‌ ഉത്തരവ്‌ നല്‍കിയത്‌. നിലമ്പൂര്‍ സ്വദേശി എം.പി. വിനോദിന്റെ പരാതിയിലാണു നടപടി.


അനുമതിയില്ലാതെയാണു നിര്‍മ്മാണമെന്ന്‌ കണ്ടെത്തി നാലുവര്‍ഷം കഴിഞ്ഞിട്ടും പഞ്ചായത്ത്‌ നടപടിയെടുക്കാത്തത്‌ അംഗീകരിക്കാനാവില്ലെന്ന്‌ ഓംബുഡ്‌സമാന്‍ വ്യക്‌തമാക്കി. പൊളിച്ചുനീക്കാന്‍ പഞ്ചായത്ത്‌ സെക്രട്ടറി മൂന്നുമാസം സാവകാശം ചോദിച്ചെങ്കിലും അനുവദിച്ചില്ല.
ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ചീങ്കണ്ണിപ്പാലിയില്‍ വനത്തിലേക്കൊഴുകുന്ന കാട്ടരുവിക്കു കുറുകെ പി.വി. അന്‍വര്‍ കെട്ടിയ തടയണ പൊളിച്ചുനീക്കാന്‍ മലപ്പുറം കലക്‌ടര്‍ ഉത്തരവിട്ടിരുന്നു. ഇതോടെയാണ്‌ ഭാര്യാപിതാവ്‌ സി.കെ. അബ്‌ദുല്‍ലത്തീഫ്‌ ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍നിന്നു റെസ്‌റ്റോറന്റ്‌ കം ലോഡ്‌ജിങ്‌ കെട്ടിടം പണിയാന്‍ പെര്‍മിറ്റ്‌ നേടിയ ശേഷം തടയണയ്‌ക്കു കുറുകെ നിയമവിരുദ്ധമായി റോപ്‌ വേ നിര്‍മിച്ചത്‌.
ഇക്കാര്യം ചൂണ്ടിക്കാട്ടി 2017 മേയ്‌ 18ന്‌ ഊര്‍ങ്ങാട്ടിരി പഞ്ചായത്ത്‌ സെക്രട്ടറിക്ക്‌ എം.പി. വിനോദ്‌ പരാതി നല്‍കിയെങ്കിലും നിയമവിരുദ്ധമായി കെട്ടിയ റോപ്‌വേ പൊളിച്ചുനീക്കാന്‍ നടപടിയുണ്ടായില്ല. അഴിമതി നടത്തി റോപ്‌വേ പണിയാന്‍ നിയമവിരുദ്ധമായി സൗകര്യം ചെയ്‌തുകൊടുത്ത പഞ്ചായത്ത്‌ സെക്രട്ടറിക്കെതിരേ നടപടിയാവശ്യപ്പെട്ട്‌ മലപ്പുറം പഞ്ചായത്ത്‌ ഡെപ്യൂട്ടി ഡയറക്‌ടര്‍ക്കു പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. ഇക്കാര്യങ്ങള്‍ വ്യക്‌തമാക്കി അന്നത്തെ തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീലിന്‌ പരാതി നല്‍കിയെങ്കിലും പ്രയോജനമുണ്ടായില്ല. ഇതോടെയാണ്‌ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങള്‍ക്കായുള്ള ഓംബുഡ്‌സ്മാനെ സമീപിച്ചത്‌.
ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന്‌ കോഴിക്കോട്‌ കലക്‌ടര്‍ അടച്ചുപൂട്ടിയ പി.വി. അന്‍വര്‍ എം.എല്‍.എയുടെ കക്കാടംപൊയിലിലെ വിവാദ വാട്ടര്‍തീം പാര്‍ക്കില്‍നിന്ന്‌ ഒന്നര കിലോമീറ്റര്‍ അകലെയാണ്‌ ചീങ്കണ്ണിപ്പാലിയിലെ തടയണയും തടയണയ്‌ക്കു കുറുകെ മൂന്നു മലകളെ ബന്ധിപ്പിച്ച്‌ പണിത റോപ്‌വേയും.
വനഭൂമിയോടുചേര്‍ന്ന്‌ റോപ്‌ വേയും ടൂറിസം പദ്ധതിയും വരുന്നതു വനത്തെയും വന്യജീവികളെയും ദോഷകരമായി ബാധിക്കുമെന്നുകാണിച്ച്‌ നേരത്തെ നിലമ്പൂര്‍ നോര്‍ത്ത്‌ ഡി.എഫ്‌.ഒ, പെരിന്തല്‍മണ്ണ സബ്‌ കളക്‌ടര്‍ക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. വിവാദ തടയണ പൊളിച്ചുനീക്കാനുള്ള മലപ്പുറം ജില്ലാ കലക്‌ടറുടെ ഉത്തരവ്‌ ശരിവച്ച ഹൈക്കോടതി വിധിയില്‍ അനുമതിയില്ലാതെ ഒരു നിര്‍മ്മാണവും ഇവിടെ പാടില്ലെന്നു വ്യക്‌തമാക്കിയിരുന്നു.
ഹൈക്കോടതി ഉത്തരവ്‌ വന്ന്‌ ഒരു വര്‍ഷവും മൂന്നുമാസം കഴിഞ്ഞിട്ടും സ്‌റ്റേ നിലനില്‍ക്കുന്നുണ്ടെന്നുപറഞ്ഞാണ്‌ ഊര്‍ങ്ങാട്ടിരി പഞ്ചായത്ത്‌ റോപ്‌വേ പൊളിക്കാതിരുന്നത്‌. പരാതിക്കാരന്‍ ഹൈക്കോടതി ഉത്തരവ്‌ കൂടി ഹാജരാക്കിയതോടെയാണ്‌ റോപ്‌വേ പൊളിക്കാന്‍ ഓംബുഡ്‌സ്മാന്‍ ഉത്തരവിട്ടത്‌.