ബീസ്റ്റ് എത്തുക 2022 ൽ; പ്രതീക്ഷയോടെ ആരാധകർ

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിജയ് ചിത്രം ബീസ്റ്റ് 2022 ൽ തീയെറ്ററുകളിൽ. പൊങ്കൽ സ്പെഷ്യൽ റിലീസായി ചിത്രം എത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ചിത്രത്തിന്‍റെ റിലീസ് സംബന്ധിച്ച്വ അഭ്യൂഹങ്ങൾ ഉയരുന്നതിനിടെയാണ് ചിത്രം 2022 ൽ തീയെറ്ററുകളിൽ എത്തുമെന്ന വാർത്ത പുറത്ത് വരുന്നത്.

നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ 60 ശതമാനം ഭാഗങ്ങളാണ് ഇപ്പോൾ പൂർത്തിയാക്കിയിരിക്കുന്നത്. കൊവിഡും ചിത്രത്തിന്‍റെ ഷൂട്ടിംഗ് നീണ്ടു പോകാൻ കാരണാമായി.ഒരു മാളിന്‍റെ പശ്ചാത്തലത്തിലാണ് ചിത്രം ആരംഭിക്കുന്നതെന്നാണ് സൂചന., ഒരു റിയലിസ്റ്റിക് പ്ലോട്ടിലാണ് സിനിമ സഞ്ചരിക്കുന്നത്. മാനുഷിക വികാരങ്ങളും വൈകാരിക നിമിഷങ്ങളും ചിത്രത്തിൽ ഏറെയുണ്ടെന്ന സൂചനകളും സംവിധായകൻ നൽകുന്നുണ്ട്.

സിനിമയുടെ സസ്പെൻസ് നിലനിർത്താൻ, വിജയുടെ സ്വഭാവഗുണങ്ങൾ മറച്ചുവെക്കുന്നുവെങ്കിലും പൂർണമായും ഒരു എന്‍റർടെയ്നർ എന്ന നിലയിലാണ് ചിത്രം ഒരുക്കുന്നത്. വിജയ് ആരാധകർക്കും സാധാരണ പ്രേക്ഷകർക്കും ഒരേ പോലെ ഉൾക്കൊള്ളാൻ സാധിക്കുന്ന കഥാപാത്രമായാണ് താരം ചിത്രത്തിലെത്തുന്നത്. സിനിമയുടെ മുഴുവൻ ടീമും ആരാധകരുടെ അതേ ആവേശത്തിലാണ്. പൂജ ഹെഗ്ഡെ നായികയായി അഭിനയിക്കുന്ന ബീസ്റ്റിന്‍റെ പ്രധാന ഹൈലൈറ്റാണ് അൻബരീവിയുടെ ആക്ഷൻ സീക്വൻസ്. ഷൈൻ ടോം ചാക്കോ, യോഗി ബാബു, സെൽവരാഘവൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ.