വാഷിംഗ്‌ടണിൽ മൂന്ന് ദിവസത്തെ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മള വരവേൽപ്
വാഷിംഗ്ടൺ: ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിംഗ്ടണിലെത്തി.മൂന്ന് ദിവസത്തെ സന്ദർശനത്തിനെത്തിയ മോദിയ്ക്ക് ഊഷ്മള വരവേൽപാണ് കിട്ടിയത്.പ്രധാനമന്ത്രി എന്ന നിലയിൽ മോദിയുടെ ഏഴാമത്തെ യുഎസ് സന്ദർശനമാണിത്.

നാളെ മോദി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തും.മറ്റന്നാൾ ഐക്യരാഷ്ട സഭാ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. ജോ ബൈഡന്റെ ക്ഷണപ്രകാരമാണ് അമേരിക്കയിലേക്ക് പോകുന്നതെന്ന് യാത്രയ്ക്ക് മുമ്പ് മോദി ട്വീറ്റ് ചെയ്തിരുന്നു.

ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തുന്ന ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ, ജപ്പാൻ പ്രധാനമന്ത്രി യോഷിഹിഡോ സുഗ എന്നിവരുമായി ഉഭയകക്ഷി ബന്ധങ്ങൾ സംബന്ധിച്ചും, പ്രാദേശികവും ആഗോളവുമായ വിഷയങ്ങളിലും മോദി ചർച്ച നടത്തും.
