സ്‌കൂൾ തുറക്കൽ; പൊലീസിനായി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ഡിജിപി
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസിനായി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ഡി ജി പി. സ്റ്റേഷൻ ഓഫിസർമാർ സ്‌കൂൾ പ്രിൻസിപ്പൽമാരുമായി ചർച്ച നടത്തണമെന്നും സുരക്ഷ, ആരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്യണെമെന്നും ഡി ജി പി നിർദേശിച്ചു. കൂടാതെ സ്‌കൂൾ ബസുകളുടെ കാര്യക്ഷമത പരിശോധിക്കാനും നിദേശം നൽകി.

ഇതിനിടെ സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്നതിനുള്ള കരട് മാർഗരേഖ തയാറായി . അഞ്ച് ദിവസത്തിനകം അന്തിമ രേഖ തയാറാക്കുമെന്ന് വിദ്യഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. തദ്ദേശ ഗതാഗത വകുപ്പുകളുമായി ആലോചിച്ച് തീരുമാനമെടുക്കും. അതാത് ജില്ലകളിൽ കളക്ടർമാരുടെ യോഗം വിളിക്കും. സ്കൂൾ തല യോഗവും പി.ടി.എ യോഗവും ചേരും.കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കും. ശരീര ഊഷ്മാവ് കൃത്യമായി പരിശോധിക്കും.

ഒരു ബഞ്ചിൽ പരമാവധി രണ്ടു പേർ മാത്രം. യൂണിഫോം നിർബന്ധമാക്കില്ല. ഉച്ചഭക്ഷണം ഒഴിവാക്കും പകരം ഉച്ചഭക്ഷണത്തിനുള്ള അലവൻസ് നൽകും. സ്കൂളുകൾക്ക് മുന്നിലുള്ള ബേക്കറികളിലും മറ്റും നിന്ന് ഭക്ഷണം കഴിക്കാനും അനുവദിക്കില്ല. സ്കൂളുകളിൽ കുട്ടികൾ എത്തുന്നതിൽ രക്ഷിതാക്കളുടെ സമ്മതം ഉറപ്പാക്കും. ഭിന്നശേഷിയുള്ള കുട്ടികൾ ആദ്യഘട്ടത്തിൽ സ്കൂളിൽ എത്തേണ്ടതില്ല. രക്ഷിതാക്കൾക്ക് ഓൺലൈൻ വഴി ബോധവത്ക്കരണ ക്ലാസുകൾ നടത്തും. ചെറിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ പോലും കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കരുതെന്നും നിർദേശം. സ്കൂളുകളിൽ കുട്ടികളെ കൂട്ടുകൂടാൻ അനുവദിക്കില്ല. നിലവിലുള്ള സിലബസ് പരിഷ്‌കരിക്കും തുടങ്ങിയ കാര്യങ്ങൾ മാർഗ രേഖയിൽ പറയുന്നു.

കൂടാതെ സ്കൂൾ ബസുകൾക്കായി പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കും. ശുചീകരണ യജ്ഞം നടത്തും. ഓട്ടോറിക്ഷയിൽ രണ്ട് കുട്ടികളിൽ കൂടുതൽ പേരെ കൊണ്ടുവരാൻ പാടില്ല. സ്കൂൾ തുറന്നാലും ഓൺലൈൻ ക്ലാസുകൾ ഒഴിവാക്കില്ലെന്നും മന്ത്രി അറിയിച്ചു. ഇതിനായി വിക്ടേഴ്സിനൊപ്പം പുതിയ ചാനൽ കൂടി തുടങ്ങുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.