തിരൂര്‍ നഗരസഭയില്‍ സര്‍ക്കാര്‍ സേവനം ഇനി വീട്ടിലെത്തും; വാതില്‍പ്പടി സേവന പദ്ധതിക്ക് തുടക്കം
നഗരസഭ തല ഉദ്ഘാടനം കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ നിര്‍വഹിച്ചു
തിരൂർ: പല കാരണങ്ങളാല്‍ അവശത അനുഭവിക്കുന്നവരും സര്‍ക്കാര്‍ സേവനങ്ങള്‍ യഥാസമയം ലഭിക്കാത്തവരുമായ ആളുകള്‍ക്ക് സേവനങ്ങള്‍ വീടുകളില്‍ എത്തിച്ചു നല്‍കുന്ന വാതില്‍പ്പടി സേവന പദ്ധതിക്ക് തിരൂര്‍ നഗരസഭയില്‍ തുടക്കമായി. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന പദ്ധതിയുടെ നഗരസഭ തല ഉദ്ഘാടനം കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ നിര്‍വഹിച്ചു. പ്രായാധിക്യത്താല്‍ വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍, കിടപ്പിലായവര്‍ തുടങ്ങിയര്‍ക്ക് ഏറെ ആശ്വാസമാകുന്നതാണ് പദ്ധതി.
ജില്ലയില്‍ മാതൃകാടിസ്ഥാനത്തില്‍ പദ്ധതി നടപ്പിലാക്കുന്ന രണ്ടു നഗരസഭകളില്‍ ഒന്നാണ് തിരൂര്‍. ഇതിനായി നഗരസഭ തലത്തിലും വാര്‍ഡ് തലത്തിലും കമ്മിറ്റികള്‍ രൂപീകരിച്ച് പരിശീലങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. പരിപാടിയില്‍ നഗരസഭ ചെയര്‍ പേഴ്സണ്‍ എ.പി നസീമ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ പി.രാമന്‍ കുട്ടി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ബിജിത.ടി, അഡ്വ. എസ്. ഗിരീഷ്, ഫാത്തിമത് സജ്ന, കെ.കെ.സലാം മാസ്റ്റര്‍, സുബൈദ സി, വാര്‍ഡ് കൗണ്‍സിലര്‍ റംല, നഗരസഭ സെക്രട്ടറി ടി.വി. ശിവദാസ്, പി.കെ.കെ.തങ്ങള്‍, പി.പി.ലക്ഷ്മണന്‍, എ.കെ.സൈതാലികുട്ടി, യാസര്‍ പയ്യോളി, മനോജ് ജോസ്, എച്.എസ്. ജീവരാജ്, വി.അബ്ദുറഹിമാന്‍ എന്നിവര്‍ പങ്കെടുത്തു.