ക്യൂനെറ്റ് തട്ടിപ്പിൽ യുവാവിനും ബന്ധുക്കൾക്കും നഷ്ടമായത് ലക്ഷങ്ങൾ; പൊലീസ് കേസെടുത്തു

മലപ്പുറം: ക്യൂനെറ്റ് തട്ടിപ്പിൽ കുടുങ്ങിയ യുവാവിനും ബന്ധുക്കൾക്കും ലക്ഷങ്ങൾ നഷ്ടമായി. തിരൂർ ആലത്തിയൂർ സ്വദേശിയായ യുവാവിനും മറ്റു ബന്ധുക്കൾക്കും കൂടി ക്യൂനെറ്റിലൂടെ നഷ്ടമായത് 25 ലക്ഷം രൂപയാണ്. ഭാര്യയുടെ കുടുംബത്തിലെ അടുത്ത ബന്ധുവിന്റെ നിരന്തരമായ പ്രേരണയിലാണ് തൃപ്രങ്ങോട് സ്വദേശിയായ യുവാവും ബന്ധുക്കളും പണം നൽകിയത്.


35കാരനായ യുവാവിന് 6,30000 രൂപയും തിരൂർ കട്ടച്ചിറയിലെ രണ്ട് ബന്ധുക്കൾക്കും കൂടി 1260000 രൂപയും എടപ്പാളിലെ മറ്റൊരു ബന്ധുവിന് 30000 രൂപയുമാണ് നഷ്ടമായത്. താനൂർ പുത്തൻതെരുവ് സ്വദേശിയായ ബന്ധുവാണ് മറ്റു കുടുംബങ്ങൾക്ക് നെറ്റിനെ പരിചയപ്പെടുത്തി നൽകിയത്. ഇയാൾ തന്നെയാണ് ഒരു കുടുംബത്തിൽ നിന്ന് 630000 രൂപ നേരിട്ട് കൈപ്പറ്റിയത്. ബാക്കിയുള്ള മൂന്ന് കുടുംബങ്ങളുടെയും തുക കർണാടകയിലെ ക്ലാസിക് എന്റർപ്രൈസസ് എന്ന കമ്പനിയുടെ പേരിൽ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു നൽകുകയായിരുന്നു.

തുടർന്ന് മാസങ്ങൾക്ക് ശേഷം ഗിഫ്റ്റെന്ന പേരിൽ ചില സാധനങ്ങൾ പണം നൽകിയവരുടെ വീടുകളിൽ കൊറിയർ വഴി എത്തി. പാക്ക് തുറന്ന് പരിശോധിച്ചപ്പോൾ വാട്ടർ ഫ്യൂരിഫയർ, വാച്ച്, എയർ ഫ്രഷർ, കോസ്മറ്റിക്സ് ഉൾപ്പെടെയുള്ള സാധനങ്ങൾ ഉണ്ടായിരുന്നു. പാക്കിങിനകത്ത് നിന്ന് കിട്ടിയ ബില്ല് കണ്ട് ഞെട്ടിയവർ തങ്ങളെ ക്യൂനെറ്റിൽ ചേർത്ത ബന്ധുവിനെ ഇക്കാര്യം അറിയിച്ചു. അത് ഗിഫ്റ്റാണെന്ന മറുപടിയാണ് ഇയാൾ ഇവർക്ക് നൽകിയത്.തുടർന്ന് രണ്ട് മാസത്തിന് ശേഷം 10000 രൂപ വെച്ച് ഇവർക്ക് ലഭിക്കുകയും ചെയ്തു. ഈ കുടുംബങ്ങൾ നടത്തിയ ബിസിനസിന്റെ കമ്മിഷനാണ് ഈ പതിനായിരം. ഇതോടെയാണ് തങ്ങൾ ചതിക്കപ്പെട്ട കാര്യം ബോധ്യമായത്. തങ്ങളുടെ യൂസർ ഐഡിയും പാസ്‌വേർഡും ഉപയോഗിച്ച് തട്ടിപ്പ് സംഘം തന്നെ സാധനങ്ങൾ പർച്ചേഴ്സ് ചെയ്ത് വിട്ടുനൽകുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞു.

സൗദിയിൽ ജോലി ചെയ്തിരുന്ന യുവാവ് അസുഖം മൂലം ചികിത്സക്ക് വേണ്ടി നാട്ടിലെത്തിയതായിരുന്നു. ഈ സമയത്താണ് ബന്ധുവിന്റെ പ്രേരണയിലും വാഗ്ദാനത്തിലും പ്രവാസിയായിരുന്ന യുവാവും മറ്റു ബന്ധുക്കളും നെറ്റിൽ അകപ്പെടുന്നത്. അതേസമയം ക്യൂനെറ്റ് മൾട്ടി ലെവൽ മാർക്കറ്റിങ് കമ്പനിയുടെ പേരിൽ നടക്കുന്ന തട്ടിപ്പിനെതിരെ തിരൂരിൽ പൊലീസ് കേസെടുത്തു. തിരൂർ ബി.പി അങ്ങാടി സ്വദേശിയും പ്രവാസിയുമായ ആളുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.