ഗൾഫ് യാത്രക്കാർ നേരിടുന്ന ദുരിതം വലുത്,​ പരിഹാരം തേടുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : കൊവിഡാനന്തരം ഗൾഫ് യാത്രക്കാർ അനുഭവിക്കുന്ന ദുരിതം വളരെ വലുതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു . ഇത്തരം കാര്യങ്ങൾ കേന്ദ്രത്തിന്റെ ശ്രദ്ധയിൽ പെടുത്തി പരിഹാരം തേടാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രതിനിധികളുമായി ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി വേണു രാജാമണിയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തി. യാത്രാക്ലേശം അടക്കം വിദേശ മലയാളികള്‍ അഭിമുഖീകരിക്കുന്ന വിഷയങ്ങള്‍ പരിഗണിച്ചുവെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

പ്രവാസിചിട്ടി മൂന്നു വര്‍ഷം കൊണ്ട് അഞ്ഞൂറുകോടി എന്നിടത്തേക്കു വളര്‍ന്നു. പ്രവാസികളെ സംസ്ഥാനത്തിന്‍റെ അടിസ്ഥാന സൗകര്യവികസനത്തില്‍ പങ്കാളികളാക്കി അതുവഴി അവര്‍ക്ക് സാമ്പത്തിക സുരക്ഷിതത്വവും നാടിന് വികസനവും കൈവരുത്തുക എന്ന ആശയത്തിന്‍റെ ഫലപ്രാപ്തിയായിരുന്നു കെ.എസ്.എഫ്.ഇയുടെ പ്രവാസി ചിട്ടി.ആദ്യ 250 കോടി രൂപ നിക്ഷേപിക്കാന്‍ ചിട്ടികള്‍ തുടങ്ങി 24 മാസം വേണ്ടിവന്നെങ്കില്‍ അത് 500 കോടിയിലെത്തുവാന്‍ വെറും 10 മാസം മാത്രമേ വേണ്ടിവന്നുള്ളൂ. രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയ പ്രവാസികളുടെ എണ്ണം 1,13,000 കടന്നു. നിലവില്‍ വിദേശത്ത് താമസിക്കുന്ന 1,02,812 പ്രവാസി മലയാളികളും ഇന്ത്യയില്‍ കേരളത്തിന് പുറത്ത് താമസിക്കുന്ന 10,250 പ്രവാസി മലയാളികളും അടക്കം 1,13,062 പേര്‍ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു.എല്ലാ പ്രവാസികളും ഭാവി സുരക്ഷിതമാക്കുന്നതിനൊപ്പം നാടിന്‍റെ വികസനത്തില്‍ പങ്കാളികളാകാനുള്ള ഈ അവസരം വിനിയോഗിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.