കർണാടകയിൽ നിന്ന് പശുക്കളെ മോഷ്ടിച്ച് കേരളത്തിൽ വിൽപ്പന നടത്തുന്ന മലപ്പുറം സ്വദേശിഉൾപ്പെടെ ആറംഗ സംഘം പിടിയിൽ
ബംഗ്ലൂരു: കര്‍ണാടകയില്‍ നിന്ന് പശുക്കളെ മോഷ്ടിച്ച് കേരളത്തിലടക്കം വില്‍പ്പന നടത്തിയിരുന്ന ആറംഗ സംഘം പിടിയില്‍. അറസ്റ്റിലായവരില്‍ രണ്ട് മലയാളികളും ഉണ്ട്. പുരയിടത്തിലും വഴിയരികിലുമുള്ള പശുക്കളെ രാത്രി വാനില്‍ കയറ്റി അതിര്‍ത്തി കടത്തിയാണ് വില്‍പ്പന നടത്തിയിരുന്നത്.
മടിക്കേരി ദക്ഷിണകന്നഡ ഉഡുപ്പി മംഗ്ലൂരു എന്നിവടങ്ങളില്‍ നിന്ന് പശുക്കളെ സ്ഥിരമായി കാണാതാവുന്നെന്ന പരാതിയെ തുടര്‍ന്നായിരുന്നു പൊലീസ് പരിശോധന നടത്തിയത്. പുരയിടങ്ങളിലും വഴിയരികിലും കാണുന്ന പശുക്കളെയാണ് മോഷ്ടിച്ചിരുന്നത്. മടിക്കേരി ബസ് സ്റ്റാന്‍ഡിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ മോഷണം വ്യക്തമായി പതിഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആറ് പേര്‍ പിടിയിലായത്. ഒരു തമിഴ്നാട് സ്വദേശിയും മൂന്ന് കര്‍ണാടക വ്യാപാരികളും രണ്ട് മലയാളികളുമാണ് അറസ്റ്റിലായത്.
മലപ്പുറം സ്വദേശി കുഞ്ഞുമുഹമ്മദ്, കോഴിക്കോട് സ്വദേശി സെയ്ദലവി എന്നിവരാണ് പിടിയിലായ മലയാളികള്‍. പശുക്കളെ കടത്താന്‍ ഉപയോഗിച്ചിരുന്ന രണ്ട് വാനും കണ്ടെടുത്തു. പശുക്കച്ചവടക്കാരായി രാവിലെയെത്തി പശുക്കളെ നോട്ടമിട്ട് പോയശേഷമായിരുന്നു മോഷണം. രാത്രി തന്നെ പശുക്കളെ വാനില്‍ കയറ്റി അതിര്‍ത്തി കടത്തിയിരുന്നു. തമിഴ്നാട്ടിലെയും കേരളത്തിലെയും ചന്തകളില്‍ എത്തിച്ചായിരുന്നു വില്‍പ്പന. പശുക്കടത്തിന് ഉപയോഗിച്ചിരുന്ന ഒരു ലോറിയും പിടിച്ചെടുത്തിട്ടുണ്ട്. മടിക്കേരിയില്‍ ഒരു പുരയിടത്തില്‍ പശുവിനെ മോഷ്ടിച്ച് കടത്തുന്നതിനിടെയാണ് സംഘം കര്‍ണാടക അതിര്‍ത്തിയില്‍ വച്ച് പിടിയിലായത്.