ഗുലാബ് തീരം തൊട്ടു: ഒഡീഷയിലും ആന്ധ്രയിലും പെരുമഴ, രണ്ടു മരണം

ഭുവനേശ്വര്‍: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട അതിതീവ്ര ന്യൂനമര്‍ദം ഗുലാബ് ചുഴലിക്കാറ്റായി കരതൊട്ടു. ഇന്നലെ െവെകിട്ട് ആറോടെയാണു ചുഴലിക്കാറ്റിന്റെ തീരംതൊടല്‍ പ്രക്രിയ ആരംഭിച്ചത്. ആന്ധ്രപ്രദേശിലെ വടക്കന്‍ തീരമേഖലയായ കലിംഗപട്ടണത്തിനും ഒഡീഷയിലെ തെക്കന്‍ തീരപ്രദേശമായ ഗോപാല്‍പുരിനും മധ്യേയാണ് ഗുലാബ് തീരത്തേക്കു പ്രവേശിച്ചതെന്നു കാലാവസ്ഥാ നീരീക്ഷണകേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ ശരാശരി 75-90 കിലോമീറ്ററായിരുന്നു വേഗം.

.

ഇതു പിന്നീട് ശക്തിപ്രാപിച്ച് 95-105 കിലോമീറ്റര്‍ വേഗത്തിലെത്തുമെന്നാണു കണക്കുകൂട്ടല്‍. അര്‍ധരാത്രിയോടെ ആന്ധ്ര, ഒഡീഷ തീരം കടന്ന ചുഴലിക്കാറ്റ് പടിഞ്ഞാറേക്കുള്ള പ്രയാണത്തിലാണ്. കടല്‍ക്ഷോഭത്തില്‍ ബോട്ട് മുങ്ങി ആന്ധ്ര സ്വദേശികളായ രണ്ടു മത്സ്യത്തൊഴിലാളികള്‍ മരിച്ചു. കാണാതായ നാലുപേര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി. ഒഡീഷയില്‍നിന്ന് പുതിയ ബോട്ട്‌വാങ്ങി നാട്ടിലേക്കു മടങ്ങുന്നതിനിടെയാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്.
ഗുലാബ് ഭീതിവിതച്ച ആന്ധ്ര, തെലങ്കാന, ഒഡീഷ മേഖലകളില്‍ കനത്ത മഴ പെയ്യുന്നുണ്ട്. ഈ സംസ്ഥാനങ്ങളില്‍ മുന്‍കരുതലായി നിരവധി പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി. കാറ്റ് തീവ്രമാകുമെന്നു പ്രവചിക്കപ്പെട്ട ആന്ധ്രയിലും ഒഡീഷയിലും കാലാവസ്ഥാ വിഭാഗം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കലിംഗപട്ടണം, ശ്രീകാകുളം മേഖലകളില്‍ എന്‍.ഡി.ആര്‍.എഫ്. സംഘങ്ങള്‍ ദുരിതാശ്വാസ, രക്ഷാദൗത്യങ്ങളില്‍ സജീവമാണ്. ഒഡീഷയിലെ ഗഞ്ജാം തീരമേഖലയില്‍നിന്നു മാത്രം അയ്യായിരത്തോളം പേരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിച്ചു. ഒഡീഷയിലെമ്പാടുമായി ഏകദേശം 16,000 ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി.

ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക്, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി െവെ.എസ്. ജഗന്‍മോഹന്‍ റെഡ്ഡി എന്നിവരുടെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. രണ്ടു മുഖ്യമന്ത്രിമാരുമായും ഫോണില്‍ ബന്ധപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു.

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ഗുലാബ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കനത്ത മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം.
മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ഇന്നു കേരളാതീരത്ത് മത്സ്യതൊഴിലാളികള്‍ കടലില്‍ പോകുന്നതു വിലക്കിയിട്ടുണ്ട്.
ഗുലാബിന്റെ സ്വാധീനം തീര്‍ന്നാലുടന്‍ തന്നെ ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദം കൂടി രൂപപ്പെടാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.