കര്‍ഷകരുടെ ഭാരത ബന്ദിന് ഐക്യദാര്‍ഢ്യം, കേരളത്തിൽ ഹര്‍ത്താല്‍ ആരംഭിച്ചു.

തിരുവനന്തപുരം: രാജ്യത്ത് കർഷകസംഘടനകൾ ഭാരതബന്ദ് പ്രഖ്യാപിച്ചതിന് ഐക്യദാർഢ്യവുമായി സംസ്ഥാനത്ത് ഇന്ന് ഹർത്താൽ ആചരിക്കും. ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതിയാണ് ഹർത്താൽ പ്രഖ്യാപിച്ചിട്ടുള്ളത്. ആറുമുതൽ ആറുവരെയാണ് ഹർത്താൽ. ഹർത്താലിന് എൽ.ഡി.എഫും ദേശീയ പണിമുടക്കിന് യു.ഡി.എഫും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

പാൽ, പത്രം, ആംബുലൻസ്, മരുന്നുവിതരണം, ആശുപത്രി, വിവാഹം, രോഗികളുടെ സഞ്ചാരം, മറ്റ് അവശ്യസർവീസുകൾ എന്നിവയെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

വാഹനങ്ങൾ നിർത്തിയിട്ടും വ്യാപാര-വാണിജ്യ സ്ഥാപനങ്ങൾ അടച്ചിട്ടും ഹർത്താൽ വിജയിപ്പിക്കണമെന്ന് സമരസമിതി അഭ്യർഥിച്ചു. ഹർത്താലിനോട് സഹകരിക്കണമെന്ന് എൽ.ഡി.എഫ്. കൺവീനർ എ. വിജയരാഘവൻ അഭ്യർഥിച്ചു.

കെ.എസ്.ആർ.ടി.സി. അത്യാവശ്യസർവീസുകൾമാത്രം

ഹർത്താലിനോടനുബന്ധിച്ച് സാധാരണസർവീസുകൾ ഉണ്ടായിരിക്കില്ല. ആശുപത്രികൾ, െറയിൽവേ സ്റ്റേഷനുകൾ, എയർപോർട്ടുകൾ എന്നിവ കേന്ദ്രീകരിച്ച് പ്രധാനപാതയിൽ പരിമിതമായ ലോക്കൽ സർവീസുകൾ പോലീസ് അകമ്പടിയോടെ മാത്രം അയക്കും.

വൈകീട്ട് ആറുമണിക്കുശേഷം ദീർഘദൂരം ഉൾപ്പെടെ എല്ലാ സർവീസുകളും ആരംഭിക്കും. യാത്രക്കാരുടെ തിരക്കുണ്ടെങ്കിൽ അധിക ദീർഘദൂര സർവീസുകൾ ഏർപ്പെടുത്തുമെന്ന് സി.എം.ഡി. അറിയിച്ചു.