വി എം സുധീരൻ, എ ഐ സി സി അംഗത്വവും രാജിവച്ചു

തിരുവനന്തപുരം: പ്രതിഷേധം കടുപ്പിച്ച് വി എം സുധീരൻ. രാഷ്ട്രീയകാര്യസമിതിയിലെ അംഗത്വം രാജിവച്ചതിന് പിന്നാലെ അദ്ദേഹം എ ഐ സി സി അംഗത്വവും രാജിവച്ചു.രാജിക്കത്ത് സോണിയാഗാന്ധിക്ക് അയച്ചു കൊടുത്തു. സംസ്ഥാനത്തിലെ പാർട്ടി നേതൃത്വത്തോടുള്ള വിയോജിപ്പാണ് രാജിക്ക് കാരണമെന്നാണ് റിപ്പോർട്ട്. സംസ്ഥാനത്തെ സംഘടനാ പ്രശ്നങ്ങളിൽ ഹൈക്കമാൻഡ് ഇടപെടാത്തതിൽ അതൃപ്തി രേഖപ്പെടുത്തിയ സുധീരൻ പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും ഇക്കാര്യത്തിൽ നടപടി ഉണ്ടാവാത്തതിൽ ദുഃഖമുണ്ടെന്നും രാജി കത്തിൽ പറയുന്നു.

രാഷ്ട്രീയകാര്യസമിതിയിലെ അംഗത്വം രാജിവച്ചതിന് പിന്നാലെ സുധീരനെ അനുനയിപ്പിക്കാൻ കെ പി സി സി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഇടപെട്ടിരുന്നു. എങ്കിലും സുധീരൻ രാജിയിൽ ഉറച്ചുനിൽക്കുകയായിരുന്നു. എ ഐ സി സി അംഗത്വവും രാജിവച്ചതോടെ അനുനയ നീക്കം കൂടുതൽ വേഗത്തിലാക്കിയിട്ടുണ്ട്.

ഇന്നലെ വീട്ടിലെത്തിയ പ്രതിപക്ഷ നേതാവിനോട് പുതിയ സംസ്ഥാന നേതൃത്വവും മതിയായ കൂടിയാലോചനകൾ നടത്തുന്നില്ലെന്ന പരിഭവം ചില ഉദാഹരണങ്ങൾ നിരത്തി സുധീരൻ പറഞ്ഞു. സുധീരനെ മന:പൂർവം അവഗണിച്ചിട്ടില്ലെന്ന് പറഞ്ഞ സതീശൻ, തുടക്കത്തിൽ ചില വീഴ്ചകളുണ്ടായെന്ന് സമ്മതിച്ചു. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പിന്നീട് സുധീരനെ നേരിൽക്കണ്ട് ചർച്ച നടത്തിയതും ചൂണ്ടിക്കാട്ടി. സതീശനും സുധാകരനുമടക്കമുള്ള പുതിയ നേതൃത്വം വരുന്നതിനായി വാദിച്ച തനിക്ക്, പക്ഷേ നിരാശയാണുണ്ടായതെന്നാണ് സുധീരന്റെ പരിഭവം. കഴിഞ്ഞകാല നേതൃത്വത്തിന്റെ തെറ്റ് തിരുത്താനാണ് പുതിയ നേതൃത്വം വരണമെന്ന് ആഗ്രഹിച്ചതെങ്കിലും അവരും പഴയ വഴിക്ക് നീങ്ങുന്നുവെന്ന്, ഡി.സി.സി പ്രസിഡന്റുമാരുടെ നിയമനക്കാര്യവും , കെ.പി.സി.സി പുന:സംഘടനാ ചർച്ചയുമടക്കം ചൂണ്ടിക്കാട്ടി സുധീരൻ വിശദീകരിച്ചു. പാർട്ടിയെ സെമി കേഡർ സംവിധാനത്തിലാക്കുമെന്ന പേരിൽ നടത്തുന്ന പരിഷ്കാരങ്ങളിലും അതൃപ്തിയറിയിച്ചു.

രാജിയിൽ സുധീരൻ ഉറച്ചുനിന്നാലും മുൻ കെ.പി.സി.സി പ്രസിഡന്റ് കൂടിയായ അദ്ദേഹത്തെയും തുടർന്നുള്ള പുന:സംഘടനാ ചർച്ചകളിലടക്കം ഉൾക്കൊള്ളാനുള്ള ശ്രമം നേതൃത്വം നടത്തിയേക്കും. സുധീരനെയും മുല്ലപ്പള്ളിയെയും പരമാവധി സഹകരിപ്പിക്കാൻ ശ്രമിച്ചിട്ടും ഇരുവരും വിട്ടുനിൽക്കുന്നുവെന്ന പരിഭവം സംസ്ഥാന നേതൃത്വത്തിനുണ്ട്.