സ്‌കൂള്‍ തുറക്കല്‍ ക്രമീകരണം അന്തിമഘട്ടത്തിലേക്ക്; അടുത്തമാസം മാര്‍ഗരേഖ പുറത്തിറക്കും
തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുന്നതിലെ മാര്‍ഗരേഖയില്‍ ഏകദേശ ധാരണയായെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. അടുത്ത മാസം അഞ്ചോടെ മാര്‍ഗരേഖ പുറത്തിറക്കും.അധ്യാപക-വിദ്യാര്‍ത്ഥി- പിടിഎ-ആരോഗ്യവകുപ്പ്-ജനപ്രതിനിധികള്‍-തദ്ദേശസ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് ധാരണയായിട്ടുണ്ട്. അധ്യാപക, വിദ്യാര്‍ത്ഥി സംഘടനകളുമായി ഓണ്‍ലൈന്‍ യോഗം നാളെയും മറ്റന്നാളുമായി ചേരും. കളക്ടര്‍മാരുമായും യോഗം ചേരുമെന്ന് വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി.
അതേസമയം സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനങ്ങളെടുക്കാന്‍ എസ്‌സിഇആര്‍ടി വിളിച്ച കരിക്കുലം കമ്മിറ്റി യോഗം ആരംഭിച്ചു. കുട്ടികള്‍ കൂടുതലുള്ള സ്‌കൂളുകളില്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പഠനം വേണമെന്ന നിര്‍ദേശവും പരിഗണനയിലുണ്ട്. സ്‌കൂള്‍ തുറക്കുന്നതിനുള്ള കരട് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ യോഗം തയാറാക്കും. ഇതിനുശേഷമാകും അധ്യാപക സംഘടനകളുടെ യോഗം ചേരുക. അധ്യാപക സംഘടകനളുടെ യോഗത്തില്‍ ഈ കരട് നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കും. ഇതു അടിസ്ഥാനമാക്കിയാകും ചര്‍ച്ചയും തീരുമാനവുമുണ്ടാകുക. കുട്ടികള്‍ കൂടുതലുള്ള സ്‌കൂളുകളില്‍ രണ്ട് ഷിഫ്റ്റുകളായി പഠനം വേണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നിട്ടുണ്ട്.
മൂവയിരത്തിലധികം കുട്ടികള്‍ പഠിക്കുന്ന നിരവധി സ്‌കൂളുകള്‍ സംസ്ഥാനത്തുണ്ട്. പകുതി കുട്ടികളെ അനുവദിച്ചാല്‍ പോലും ആയിരത്തി അഞ്ഞൂറു കുട്ടികളെ ഒരേ സമയം സ്‌കൂളിലേക്ക് പ്രവേശിപ്പിക്കേണ്ടി വരും. ഇതൊഴിവാക്കാനാണ് ഷിഫ്റ്റ് സമ്പ്രാദായമെന്ന ആശയം. ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ചയ്ക്ക് ശേഷം തീരുമാനമെടുക്കാനാണ് ധാരണ.