കോഴിക്കോട് വവ്വാലുകളിൽ നിപ സാന്നിദ്ധ്യം കണ്ടെത്തി

കോഴിക്കോട്: ചാത്തമംഗലത്ത് പന്ത്രണ്ടുകാരൻ നിപ ബാധിച്ച് മരിച്ചതിനെ തുടർന്ന് ആരോഗ്യ വിദഗ്ദ്ധർ ശേഖരിച്ച വിവിധ സാമ്പിളുകളിൽ നിപയുടെ സാന്നിദ്ധ്യം വവ്വാലുകളിൽ കണ്ടെത്തി. ഇവിടെ നിന്നും ശേഖരിച്ച രണ്ടിനം വവ്വാലുകളിൽ നടത്തിയ പരിശോധനയിലാണ് നിപവൈറസിനെതിരെയുള്ള ആന്റിബോഡി കണ്ടെത്തിയത്. ആന്റിബോഡി കണ്ടെത്തിയതിനാൽ തന്നെ ഇവയുടെ ശരീരത്തിൽ നിപ വൈറസ് ഉണ്ടായിരുന്നു എന്ന് ഉറപ്പാക്കാനാവും. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തൽ.

ഇതോടെ സംസ്ഥാനത്ത് മൂന്ന് പ്രാവശ്യം പ്രത്യക്ഷപ്പെട്ട നിപയുടെ ഉറവിടത്തിലേക്കുള്ള സൂചന ലഭിച്ചിരിക്കുകയാണ്. മൂന്ന് വർഷം മുൻപ് പേരാമ്പ്രയിലാണ് ആദ്യം നിപ റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാൽ അന്ന് നടത്തിയ പരിശോധനകളിലൊന്നും വൈറസിന്റെ ഉറവിടം കണ്ടെത്താൻ സാധിച്ചിരുന്നില്ല. എന്നാൽ ഇക്കുറി കേന്ദ്ര സംഘം വിവിധയിടങ്ങളിൽ നിന്നുള്ള പഴവർഗങ്ങൾക്കു പുറമെ വവ്വാൽ, കാട്ടുപന്നി, ആട് എന്നിവയുടെ സാമ്പിളുകളും ശേഖരിച്ചിരുന്നു. ഇതിൽ നടത്തിയ പരിശോധനയിലാണ് നിപ സാന്നിദ്ധ്യം വവ്വാലുകളിലുണ്ടെന്ന് സ്ഥിരീകരിച്ചത്.

അതേസമയം കോഴിക്കോട് ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സജ്ജീകരിച്ചിരുന്ന ഐസൊലേഷൻ വാർഡ് തീർത്തും ഒഴിഞ്ഞു. എങ്കിലും വാർഡ് അടച്ചുപൂട്ടിയിട്ടില്ല. അവസാനമായി രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ട് 42 ദിവസം കഴിഞ്ഞാൽ മാത്രമെ മേഖല രോഗമുക്തമെന്ന് പ്രഖ്യാപിക്കാനാവൂ. കണ്ടെയ്ൻമെന്റ് സോൺ നീക്കിയതോടെ ചാത്തമംഗലത്തും പരിസരങ്ങളിലും ഇപ്പോൾ പ്രത്യേകിച്ച് നിയന്ത്രണങ്ങളുമില്ല. ഇതുവരെ രോഗലക്ഷണങ്ങൾ കണ്ടെത്തിയ 164 പേരുടെ സാമ്പിളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതിൽ ഒരാൾക്കു പോലും രോഗം സ്ഥിരീകരിച്ചിരുന്നില്ല.