യു പി പൊലീസ് അറസ്റ്റു ചെയ്ത മലയാളിയെ കാണാൻ ചെന്ന ഉമ്മയെയും ഭാര്യയെയും അറസ്റ്റുചെയ്തു

പന്തളം: ഭീകരപ്രവർത്തനം ആരോപിച്ച് യു.പിയിൽ പൊലീസ് അറസ്റ്റുചെയ്ത മകനെ കാണാൻ എത്തിയ ഉമ്മയെയും ഭാര്യയെയും പൊലീസ് അറസ്റ്റുചെയ്തു. ഇവരുടെ കൊവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ പിഴവ് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. പന്തളം ചേരിക്കൽ നസീമാ മൻസിൽ അൻഷാദിന്റെ ഉമ്മ നസീമ ബീവിയും ഭാര്യ മുഹ്സിനയും ഏഴും ആറും രണ്ടും വയസുള്ള മൂന്നു കുട്ടികളും അടങ്ങുന്ന സംഘമാണ് കഴിഞ്ഞ ദിവസം യു.പിയിൽ എത്തിയത്.

പോപ്പുലർ ഫ്രണ്ടിന്റെ ഓർഗനൈസറായിരുന്ന അൻഷാദിനെയും സഹപ്രവർത്തകൻ കോഴിക്കോട് സ്വദേശി ഫിറോസിനെയും കഴിഞ്ഞ ഫെബ്രുവരി 12 നാണ് യു.പി. പൊലീസ് ഭീകരപ്രവർത്തനം ആരോപിച്ച് അറസ്റ്റുചെയ്തത്.

കഴിഞ്ഞ ദിവസം ഇവരെ ലക്നൗ കോടതിയിൽ ഹാജരാക്കുമെന്ന് അറിഞ്ഞതിനെ തുടർന്നാണ് ബന്ധുക്കൾക്കൊപ്പം ഇവർ കോടതിയിൽ എത്തിയത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന ഫിറോസിന്റെ ഭാര്യയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരുടെയും കുടുംബങ്ങളിൽ നിന്നുള്ള 15 പേർ സംഘത്തിലുണ്ടായിരുന്നു.