മരുന്ന് കടത്തിയ ഹോമിയോ മെഡിക്കൽ ഓഫീസറെ പുറത്താക്കിയേക്കും
തിരൂർ: വെട്ടം പഞ്ചായത്ത് ഹോമിയോ ആശുപത്രിയിലെ മരുന്നുകൾ മെഡിക്കൽ ഓഫീസറുടെ ക്ലിനിക്കിൽ നിന്നും ആരോഗ്യ വകുപ്പ് കണ്ടെടുത്തിട്ടും മെഡിക്കൽ ഓഫീസർക്കെതിരെ നടപടിയെടുക്കാത്തതിൽ വ്യാപക പ്രതിഷേധം. പ്രതിഷേധം വക വയ്ക്കാതെ മെഡിക്കൽ ഓഫീസർ ഡോ: സുബൈറിനെ താനാളൂർ പഞ്ചായത്ത് ഹോമിയോ ആശുപത്രിയിൽ നിയമിച്ചു. ക്രമക്കേട് നടന്ന് ഒരാഴ്ചയായിട്ടും നടപടിയെടുക്കാത്തതിന് കാരണം റിപ്പോർട്ട് വൈകുന്നതിനാലാണെന്ന് നാഷണൽ ഹെൽത്ത് മിഷൻ അധികൃതർ സിറ്റി സ്ക്കാൻ ന്യൂസിനോട് പറഞ്ഞു.

ഡോ: സുബൈർ സർക്കാരിൻ്റെ സ്ഥിര ജീവനക്കാരനല്ല. സ്ഥിര ജീവനക്കാരനാണെങ്കിൽ മാത്രമേ നടപടിയെടുക്കാൻ സാധിക്കുകയുള്ളൂവെന്ന് ഡിഎംഒ റംലത്ത് പറഞ്ഞു. നടപടിയെടുക്കേണ്ടത് എൻഎച്ച്എമ്മാണ്. ഇവർക്ക് പ്രാഥമിക റിപ്പോർട്ട് മാത്രമാണ് നൽകിയത്. വിശദമായ അന്വേഷണ റിപ്പോർട്ട് ചൊവ്വാഴ്ച എൻഎച്ച്എമ്മിന് നൽകും. റിപ്പോർട്ട് കിട്ടിയാൽ പുറത്താക്കുകയാകും നടപടി. ആരോപണ വിധേയനായ ഡോ: സുബൈർ കരാർ ജീവനക്കാരനാണ്. അതു കൊണ്ട് തന്നെ സസ്പെക്ഷൻ ഉണ്ടാകില്ലെന്നും ഡിഎംഒ പറഞ്ഞു