മുംബൈയിൽ കപ്പലിൽ മയക്കുമരുന്ന് പാർട്ടി; ഷാരൂഖ് ഖാന്‍റെ മകനും കസ്റ്റഡിയിൽ
മുംബൈ: ആഢംബര കപ്പലിൽ മയക്കുമരുന്ന് പാർട്ടി നടത്തിയ എട്ട് പേർ അറസ്റ്റിൽ. മുംബൈ തീരത്തെത്തിയ കോർഡിലിയ ക്രൂയിസ് ആഢംബര കപ്പലിൽ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (എൻസിബി) നടത്തിയ റെയ്ഡിൽ കൊക്കെയ്ൻ, ഹാഷിഷ്, എംഡിഎംഎ അടക്കമുള്ള നിരോധിത മയക്കുമരുന്നുകൾ പിടിച്ചെടുത്തു. കസ്റ്റഡിയിലായവരിൽ ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്‍റെ മകൻ ആര്യനും ഉൾപ്പെട്ടിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആര്യനെ എൻസിബി ചോദ്യം ചെയ്യുകയാണെന്നും റിപ്പോർട്ടുണ്ട്.

എന്നാൽ ആര്യനെ പാർട്ടിയിൽ അതിഥിയായി ക്ഷണിച്ചതാണെന്നാണ് പ്രാഥമിക വിവരം. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ ശനിയാഴ്ച കപ്പലിൽ നടന്ന പാർട്ടിക്ക് ഇടയിലായിരുന്നു എൻസിബിയുടെ റെയ്ഡ്. യാത്രക്കാരുടെ വേഷത്തിൽ ഉദ്യോഗസ്ഥർ കപ്പലിൽ കയറുകയായിരുന്നു. മുംബൈ തീരത്തുനിന്ന് കപ്പൽ നടുക്കടലിൽ എത്തിയപ്പോൾ റേവ് പാർട്ടി തുടങ്ങി.
പാർട്ടിക്കിടെ പരസ്യമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ അടക്കമാണ് അറസ്റ്റ് ചെയ്തത്. സംഗീത പരിപാടി എന്ന നിലയിൽ സംഘടിപ്പിച്ച് ഒക്ടോബർ 2 മുതൽ നാല് വരൊണ് കപ്പലിൽ പാർട്ടി നടത്താൻ നിശ്ചയിച്ചിരുന്നത്. നൂറോളം ടിക്കറ്റുകളാണ് വിറ്റ് പോയത്. രണ്ടാഴ്ച മുമ്പാണ് കോർഡിലിയ ക്രൂയിസ് കപ്പൽ ഉദ്ഘാടനം ചെയ്തത്. കപ്പൽ മുംബൈ അന്താരാഷ്ട്ര ക്രൂയിസ് ടെർമിനലിലെത്തിക്കും. നർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് ആക്റ്റ് പ്രകാരം കുറ്റം ചുമത്തി അറസ്റ്റിലായവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.
